കൊച്ചി: താരസംഘടന ‘അമ്മ’യുടെ നടപടികളില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മനോരമ ചാനലിന്റെ കോണ്‍ക്ലേവ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡബ്ല്യു.സി.സി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. സംഘടനയില്‍ ഉയര്‍ന്നുവന്ന എതിരഭിപ്രായങ്ങളെ മാനിക്കണമായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും ചിലര്‍ സ്റ്റാര്‍ ആകുമ്പോള്‍ സ്‌പെഷല്‍ ആണെന്നു തോന്നുന്നുണ്ട്. അതു ശരിയല്ല. ജനങ്ങള്‍ക്കാണു പ്രാധാന്യം നല്‍കേണ്ടത്. രാഷ്ട്രീയത്തിലും അങ്ങനെത്തന്നെ. പ്രായോഗിക രാഷ്ട്രീയത്തില്‍ എന്റെ കയ്യിലെ എല്ലാ ആയുധങ്ങളും ഞാന്‍ ഉപയോഗിക്കുന്നുണ്ട്. മാധ്യമങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഞാന്‍ ജനങ്ങളോടാണു സംസാരിക്കുന്നത്. 63 വയസ്സായി. എന്റെ കയ്യിലുള്ള സമയം കുറവാണ്. അത് ജനങ്ങള്‍ക്കറിയാം. മക്കള്‍ നീതി മയ്യത്തിലുള്ളവര്‍ക്കും അതറിയാം.’ കമല്‍ ഹാസന്‍ പറഞ്ഞു.

ചിലര്‍ ചോദിക്കാറുണ്ട് ഇടതാണോ നിങ്ങള്‍ ലെഫ്റ്റാണല്ലേ? അല്ലാ, ഞാന്‍ ഇടതോ വലതോ അല്ല, നടുവിലാണ്. അതിനര്‍ഥം ഇങ്ങോട്ടും അങ്ങോട്ടും ഇല്ലെന്നല്ല. മികച്ചതു തിരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ആ സ്ഥാനത്തു നില്‍ക്കുന്നത്. അവിടെ നിന്നാലറിയാം ഏതാണു ശരിയെന്നും തെറ്റെന്നും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.