കൊല്ലം: ചലച്ചിത്ര നടന്‍ കൊല്ലം അജിത് അന്തരിച്ചു. 56 വയസ്സായിരുന്നു. പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് കൊല്ലം അജിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ച താരം രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സംവിധാന സഹായിയാകാന്‍ അവസരം ചോദിച്ചെത്തിയ അജിത്തിനെ സംവിധായകന്‍ പത്മരാജനാണ് അഭിനയരംഗത്തെത്തിക്കുന്നത്. അദ്ദേഹം തന്‍െ പറന്ന് പറന്ന് പറന്ന് എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കുകയായിരുന്നു.

1983ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തന്റെ എല്ലാ ചിത്രങ്ങളിലും അജിത്തിനൊരു വേഷം പത്മരാജന്‍ മാറ്റിവെച്ചിരുന്നു.

റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതിയുടെയും മകനായി ജനിച്ച അജിത് 1989ല്‍ ഇറങ്ങിയ അഗ്നിപ്രവേശം എന്ന ചിത്രത്തില്‍ നായകനുമായി. 2012ല്‍ പുറത്തിറങ്ങിയ ഇവന്‍ അര്‍ധനാരിയാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം.

പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവര്‍ മക്കളാണ്.
സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയ മൃതദേഹം വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് ആറു മണിയോടെ സംസ്‌കരിക്കും.