തിരുവനന്തപുരം: സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി നടനും എം.പിയുമായ സുരേഷ്‌ഗോപി. തിരുവനന്തപുരത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് പറഞ്ഞ് സുരേഷ്‌ഗോപി വികാരാധീതനായത്. ഞെക്കിക്കൊന്നോളൂ പക്ഷേ ശ്വാസം മുട്ടിച്ച് കൊല്ലരുതെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയില്‍ സജീവമായ സമയത്ത് ചില ചാനല്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സമയത്താണ് ചാനല്‍ റിയാലിറ്റി ഷോയില്‍ അവതാരകനാവുന്നത്. എന്നാല്‍ അത് ഹിറ്റായതോടെ ചില സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ആ പരിപാടി അവതരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളുമായി നന്നായി സംവദിക്കാന്‍ കഴിയുന്ന പരിപാടി ഒഴിവാക്കാന്‍ തയ്യാറായല്ലെന്ന് താന്‍ അറിയിക്കുകയായിരുന്നു. ഇത് സിനിമയില്‍ തനിക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കാരണമായി. തുടര്‍ന്ന് തന്റെ തീരുമാനം റിയാലിറ്റി ഷോക്കൊപ്പം പോകാനായിരുന്നു. സിനിമ വേണ്ടെന്ന് വെച്ച് താന്‍ റിയാലിറ്റി ഷോയില്‍ സജീവമാകുകയായിരുന്നു. സാധാരണക്കാരുമായി സംവദിക്കാന്‍ കഴിഞ്ഞത് നല്ലൊരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ സിനിമകള്‍ നഷ്ടപ്പെട്ടതില്‍ വേദനയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
2015-ല്‍ ‘മൈ ഗോഡ്’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം പിന്നീട് സുരേഷ്‌ഗോപി സിനിമയില്‍ അഭിനയിച്ചിട്ടില്ല. രാഷ്ട്രീയ പ്രവേശനമാണ് സിനിമ ഉപേക്ഷിച്ചതിന് കാരണമെന്ന് പ്രചാരണമുള്ള സാഹചര്യത്തിലാണ് സുരേഷ്‌ഗോപി മനസ്സുതുറന്നത്.
Be the first to write a comment.