ചെന്നൈ: മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി അശ്വതി മേനോന്‍. ഏറെ സങ്കടകരമായ അവസ്ഥയാണ് കാസ്റ്റിങ് കൗച്ചെന്ന് താരം പ്രതികരിച്ചു. താന്‍ സിനിമയില്‍ അഭിനയം തുടങ്ങിയ 2000ല്‍ തന്നെ കാസ്റ്റിങ് കൗച്ച് എന്ന സംഭവമുണ്ട്. അതിന് വലിയ മാറ്റമുണ്ടായെന്ന് താന്‍ കരുതുന്നില്ല. ഏറെ സങ്കടകരമാണ് ആ അവസ്ഥ. പക്ഷെ അത് സത്യമാണ്. അത്തരമൊരു പ്രവണത സിനിമാലോകത്തുണ്ട്. എന്നാല്‍ തനിക്ക് തന്റേതായ തീരുമാനങ്ങളുണ്ട്. ഏതൊക്കെ അവസരങ്ങള്‍ വേണമെന്നോ വേണ്ടയെന്നോ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും താരം പറഞ്ഞു. ഞെട്ടിക്കുന്നതാണ് ചില അനുഭവങ്ങള്‍. ഇതിനെതിരെ ശബ്ദിക്കുന്ന നടിമാര്‍ നല്ല കാര്യമാണ് ചെയ്യുന്നതെന്നും അശ്വതി മേനോന്‍ പറഞ്ഞു.

കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട് നിരവധി താരങ്ങള്‍ നേരത്തെ രംഗത്തുവന്നിരുന്നു. കാസ്റ്റിങ് കൗച്ച് വിഷമകരമായ അവസ്ഥയാണെന്ന് നടി മീന ഇന്നലെ പ്രതികരിച്ചിരുന്നു. തനിക്ക് ഇതുവരെയും ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെങ്കിലും കാസ്റ്റിങ് കൗച്ച് പ്രവണത സിനിമാലോകത്ത് ഉണ്ടെന്ന് അറിയാം. താന്‍ സിനിമാലോകത്ത് വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമാരംഗത്ത് ഉണ്ടായിരുന്നുവെന്നും മീന പറഞ്ഞിരുന്നു.