X

മോഹന്‍ലാലിന്റെ വിശദീകരണം: പരാമര്‍ശങ്ങളില്‍ അമര്‍ഷവുമായി ആക്രമിക്കപ്പെട്ട നടി

കൊച്ചി: താരസംഘടന ‘അമ്മ’യിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അതൃപ്തി അറിയിച്ച് ആക്രമിക്കപ്പെട്ട നടി. അടുത്ത സുഹൃത്തും നടിയുമായ രമ്യ നമ്പീശനാണ് മോഹന്‍ലാലിന്റെ വിശദീകരണങ്ങളില്‍ നടിക്ക് അമര്‍ഷമുണ്ടെന്ന് പറഞ്ഞത്. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘വാക്കാല്‍ പരാതി നല്‍കിയാല്‍ അമ്മ പരിഗണിക്കില്ലേ’ എന്ന് നടി ചോദിച്ചുവെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു. ‘വാര്‍ത്താ സമ്മേളനം കണ്ടതിന് ശേഷം അവളുമായി സംസാരിച്ചിരുന്നു. അവള്‍ പറഞ്ഞത് ഇങ്ങനെയാണ്’-രമ്യ നമ്പീശന്‍ പറയുന്നു.

‘അമ്മ എന്റെ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ഒരാളും മറ്റൊരാള്‍ക്കെതിരെ പൊതുസമക്ഷത്തില്‍ ആരോപണം ഉന്നയിക്കുകയോ എന്തിനെങ്കിലും വേണ്ടി അമ്മയെ നേരിട്ട് സമീപിക്കുകയോ ചെയ്യാറില്ല. അവര്‍ എന്നോട് പറഞ്ഞത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും പരിഹാരം കണ്ടെത്താമെന്നുമാണ്. ചിലപ്പോള്‍ അവര്‍ അന്വേഷിച്ച് കാണും. അപ്പോള്‍ ആരോപണവിധേയന്‍ അത് തളളിക്കളഞ്ഞ് കാണും. ഇപ്പോള്‍ ഞാന്‍ പ്രസിഡന്റിന്റെ ന്യായീകരണം കേട്ടു. ഞാന്‍ പരാതി എഴുതി കൊടുത്തിരുന്നെങ്കിലും അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഇതോടെ മനസ്സിലായി.’

‘അടിസ്ഥാനപരമായ അവകാശങ്ങളാണ് സംഘടനയില്‍ നിന്ന് ആവശ്യപ്പെടുന്നത്. വിവേചനം അംഗീകരിക്കാനാകില്ല. തന്നെ ആക്രമിക്കപ്പെട്ട കേസില്‍ ആരോപണം നേരിടുന്ന ആള്‍ ഉള്‍പ്പെടുന്ന അസോസിയേഷനില്‍ ഇര എങ്ങനെയാണ് ഭാഗമാകുന്നത്.’

ആക്രമിക്കപ്പെട്ട നടി അമ്മക്ക് പരാതി നല്‍കിയിരുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നടിയുടെ പ്രതികരണമുണ്ടായത്. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ദാസ് പിന്നെ താനുമാണ് രാജിക്കത്ത് സമര്‍പ്പിച്ചതെന്ന് രമ്യ നമ്പീശന്‍ പറഞ്ഞു. റിമ വിദേശത്ത് ആയിരുന്നതിനാലാണ് അതിന് സാധിക്കാതിരുന്നതെന്നും രമ്യ വ്യക്തമാക്കി. അമ്മയില്‍ നിന്ന് രണ്ടു നടിമാര്‍ മാത്രമേ രാജിവെച്ചിട്ടുള്ളൂവെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനായിരുന്നു താരത്തിന്റെ വിശദീകരണം.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് രമ്യനമ്പീശന്‍, ഭാവന, ഗീതുമോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. വിഷയം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ അമ്മക്ക് കത്ത് നല്‍കിയിരുന്നു. ചര്‍ച്ച ചെയ്യാമെന്ന് അമ്മ അറിയിച്ചിട്ടുണ്ടെങ്കിലും എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.

chandrika: