X

അഹങ്കാരത്തിന് കിട്ടിയ മറുപടി


റഷ്യയില്‍ നിന്നും ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രമുഖ ഫുട്‌ബോള്‍ നിരൂപകനുമായ കമാല്‍ വരദൂരിന്റെ മൈ ടീം പ്രത്യേക കോളം…


തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നില്ലേ ഇംഗ്ലണ്ട്… അഞ്ചാം മിനുട്ടില്‍ തന്നെ ലീഡ്. പിന്നെ അതില്‍ ജയിച്ചെന്ന് കരുതി ആക്രമണത്തിന് അവരങ്ങ് സുല്ലിട്ടു… കടിച്ചുതൂങ്ങാനുള്ള ഗെയിം. ഇതാണോ ആധുനിക ഫുട്‌ബോള്‍… അവിടെയാണ് ക്രൊയേഷ്യ കരുത്തരായി ഫുട്‌ബോളിന്റെ വേഗസൗന്ദര്യം പ്രകടിപ്പിച്ചത്. പിറകില്‍ നില്‍ക്കുന്നവന്റെ മനോവികാരത്തിനാണ് ചാലീകത. അവനായിരിക്കും വീറും വാശിയും.

മുന്നില്‍ നില്‍ക്കുന്നവന് ആത്മവിശ്വാസത്തിന്റെ അഹങ്കാരമുണ്ടെങ്കില്‍ പിറകില്‍ നില്‍ക്കുന്നവന്റെ മനസ്സിലെപ്പോഴും വേദനയുടെ കനലുണ്ടാവും.ആ കനലിനാണ് വീര്യം കൂടുതല്‍. ക്രൊയേഷ്യന്‍ നായകന്‍ ലുക്കാ മോദ്രിച്ച് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ് സത്യം. ഇംഗ്ലണ്ട് ഒരു ഗോളില്‍ അഹങ്കരിച്ചു. അതിനുള്ള വലിയ പിഴയാണ് രണ്ടാം പകുതിയിലും പിന്നെ അധികസമയത്തും ടീമിന് നല്‍കേണ്ടി വന്നത്. ഈ ലോകകപ്പില്‍ പരാജയമറിയാത്ത ഒരു ടീമുണ്ടെകില്‍ അത് ക്രോട്ടുകാരാണ്. എല്ലാ കളികളും ജയിച്ചവര്‍. അവസാന രണ്ട് മല്‍സരങ്ങളില്‍ പിറകില്‍ നിന്നുമാണ് തിരിച്ചുവന്നത്. അതെങ്കിലും ഓര്‍ക്കണമായിരുന്നു ഹാരി കെയിനും ടീം.

120 മിനുട്ട് കളിക്കാനുളള മാനസികോര്‍ജ്ജം അവര്‍ക്കുണ്ടെങ്കില്‍ അത് ഇംഗ്ലീഷുകാര്‍ക്കുണ്ടായിരുന്നില്ല. പ്രതിയോഗികളെ ബഹുമാനിക്കുകയെന്നത് ഏത് ഗെയിമിലെയും, അത് ഇനി തലപ്പന്ത് കളിയാണെങ്കില്‍ പോലും പ്രാഥമിക മര്യാദയാണ്. ലീഡ് നേടിയതിന് ശേഷം ഇംഗ്ലണ്ട് ക്രോട്ടുകാരെ പരിഹസിക്കുന്ന ഗെയിമല്ലേ കളിച്ചത്… വെറുതെ പന്ത് താമസിപ്പിക്കുന്നു, പരുക്ക് അഭിനയിക്കുന്നു, കിക്കുകള്‍ എടുക്കാന്‍ സമയം കളയുന്നു. വെറുതെ ലോംഗ്‌ബോളുകള്‍ അടിക്കുന്നു-ഇത്തരത്തിലുളള നെഗറ്റീവ് തന്ത്രങ്ങള്‍ നിങ്ങള്‍ മല്‍സരത്തിന്റെ അവസാനത്തിലാണ് എടുക്കുന്നതെങ്കില്‍ അത് മനസ്സിലാക്കാം. ഒരു ഗോള്‍ ലീഡ് ഒരിക്കലും സേഫല്ല എന്ന അടിസ്ഥാന സത്യം പോലും ജെറാത് സൗത്ത്‌ഗെയിറ്റിന്റെ കുട്ടികള്‍ മറന്നെങ്കില്‍ അത് അവരുടെ പിഴയാണ്-വലിയ പിഴ.

ക്രോട്ടുകാരിലേക്ക് വരാം. അവരാണല്ലോ അശ്വമേഥം ജയിച്ചവര്‍. ജയിച്ചവരെക്കുറിച്ചാണ് പറയേണ്ടതും. ഒന്നുമില്ലായ്മയില്‍ നിന്നുമുള്ള ആ തിരിച്ചുവരവിന്റെ രഹസ്യം തന്നെ ആത്മവിശ്വാസമാണ്. ഒരു ഗോളിന് പിറകില്‍ പോയിട്ടും പരാജിതന്റെ ശരീര ഭാഷയായിരുന്നില്ല ലുക്കാ മോദ്രിചിന്റേതും ഇവാന്‍ റാക്കിറ്റിച്ചിന്റേതും ഇവാന്‍ പെറസിച്ചിന്റേതും മരിയോ മാന്‍സുകിച്ചിന്റേതുമൊന്നും. അവര്‍ തിരിച്ചടിക്കുമെന്ന വാശിയില്‍ തന്നെയായിരുന്നു. ഇംഗ്ലീഷ് പ്രതിരോധനിരക്കാരാവട്ടെ അവക്ക് യഥേഷ്ടം സ്‌പേസും നല്‍കി. രണ്ടാം പകുതിയില്‍ എത്ര വേഗത്തിലാണ് ക്രോട്ടുകാര്‍ ഇംഗ്ലീഷ് ബോക്‌സിലെത്തിയത്.

പലപ്പോഴും ഗോള്‍ക്കീപ്പര്‍ പിറ്റ്‌ഫോര്‍ഡിന്റെ മികവിലാണ് ടീം രക്ഷപ്പെട്ടത്. പിറ്റ്‌ഫോര്‍ഡിന്റെ സമീപനത്തിലുമുണ്ടായിരുന്നു അല്‍പ്പമഹങ്കാരം. അദ്ദേഹവും കളിയുടെ ഓളത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പണ്ട് മുതലേ ഉണ്ടല്ലോ ഇംഗ്ലീഷുകാര്‍ക്കൊരു അഹങ്കാര മനസ്സ്-അതാണ് വിനയായത്.
ഞായറാഴ്ച്ച ഫൈനല്‍. ഫ്രാന്‍സും ഇംഗ്ലണ്ടുമായിരുന്നെങ്കില്‍ അത് ഒരു പക്ഷേ ബോറന്‍ സേഫ് ഫൈനലാവുമായിരുന്നു. പക്ഷേ ഇത് ക്രൊയേഷ്യയാണ്-ഫ്രാന്‍സ് വിയര്‍ക്കും. വിയര്‍ക്കുന്ന ഫുട്‌ബോള്‍ കാണാനാണ് ചന്തം.

chandrika: