കൊച്ചി: ‘വാതുക്കല് വെള്ളരിപ്രാവിനൊപ്പം ചുവടുവെചച്ച് നടി ഗ്രേസ് ആന്റണി. ഇതിന്റെ വീഡിയോ നടി തന്നെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജയസൂര്യയെ ടാഗ് ചെയ്താണ് ഗ്രേസ് ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

ജയസൂര്യ, അതിഥി റാവു, ദേവ് മോഹന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘സൂഫിയും സുജാതയും’. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ െ്രെപമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. മലയാളത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ റിലീസ് ചെയ്ത സിനിമയെന്ന പ്രത്യേകതയും ‘സൂഫിയും സുജാതയും’ സ്വന്തമാക്കിയിരുന്നു.

ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. സംഗീതത്തിനു ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ട് ജനഹൃദയങ്ങളില്‍ കയറിപറ്റി. സിനിമ താരങ്ങള്‍ അടക്കം നിരവധി പേരാണ് ഈ പാട്ടിനൊപ്പം താളംചവിട്ടുന്നത്. ഇപ്പോള്‍, നടി ഗ്രേസ് ആന്റണിയാണ് ‘വാതുക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഗ്രേസ് പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോള്‍ എന്ന കഥാപാത്രത്തെയാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ല്‍ ഗ്രേസ് അവതരിപ്പിച്ചിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്‌സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്.