കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി പായല്‍ ചക്രവര്‍ത്തിയുടെ മരണത്തില്‍ ദുരൂഹത. അടുത്ത കുറച്ചു ദിവസങ്ങളില്‍ പായല്‍ കടുത്ത മാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി.

പായലിന്റെ സിലിഗുഡി യാത്രയെക്കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും റാഞ്ചിയിലേക്ക് പോകുന്നുവെന്നാണ് പറഞ്ഞിരുന്നതെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. ആത്മഹത്യയാണന്ന പ്രാഥമിക നിഗമനത്തിലായിരുന്നു അന്വേഷണസംഘം. എന്നാല്‍ സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ രംഗത്തുവന്നതോടെ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.

ബുധനാഴ്ചയാണ് സിലിഗുഡിയിലെ ഹോട്ടല്‍ മുറിയില്‍ പായലിന്റെ മൃതദേഹം കണ്ടെത്തിയത്. ഗാങ്‌ടോക്കിലേക്ക് പോകുന്നതിനായി ചൊവ്വാഴ്ച വൈകിട്ടാണ് പായല്‍ ചര്‍ച്ച് റോഡിലെ ഹോട്ടലില്‍ റൂം ബുക്ക് ചെയ്തത്. എന്നാല്‍ പുലര്‍ച്ചെ വിളിക്കണമെന്നാവശ്യപ്പെട്ട സമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി റൂം തുറന്നപ്പോഴാണ് നടി മരിച്ച നിലയില്‍ കണ്ടെത്തിയത്.