നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് നടി രംഭ. താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രംഭ മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പവും കുറ്റാരോപിതനായ നടനൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് രംഭ പറഞ്ഞു. ഇരുവരുമായി അടുപ്പമായിരുന്നു. എന്നാല്‍ ഇന്ന് കേള്‍ക്കുള്ള കാര്യങ്ങളെല്ലാം ഒരു ദുസ്വപ്‌നമാകണേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും രംഭ പറയുന്നു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി ഇന്ന് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ ഇടപഴകാന്‍ പറ്റണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴമ്പില്ലാത്തതാണെന്ന് രംഭ പറഞ്ഞു. സഹോദരന്റെ വിവാഹമോചന വാര്‍ത്തകള്‍ തന്റെ പേരില്‍ പ്രചരിക്കുകയായിരുന്നു. ഏതെങ്കിലും പൊതുചടങ്ങുകളില്‍ ഭര്‍ത്താവില്ലാതെ പങ്കെടുക്കുമ്പോഴും നടിമാര്‍ വിവാഹം കഴിഞ്ഞ് അഭിനയിക്കുന്നതും ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാവാറുണ്ട്. സിനിമാക്കാരുടെ വിവാഹമോചനവാര്‍ത്തകള്‍ക്ക് ഒരുപാട് വായനക്കാരും ഉണ്ടെന്നും പറഞ്ഞ താരം നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും വ്യക്തമാക്കി.

സര്‍ഗ്ഗം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട രംഭ പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. അടുത്തിടെ വിവാഹമോചനത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്ത പരന്നിരുന്നു. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന രംഭ കുട്ടികളുമായി ജീവിക്കാന്‍ ബുദ്ധിമുട്ടുന്നുവെന്ന് കാണിച്ച് വിവാഹമോചനത്തില്‍ നിന്നും പിന്‍മാറുന്നുവെന്നായിരുന്നു വാര്‍ത്ത. ഇപ്പോള്‍ കാനഡയിലാണ് താരം താമസിക്കുന്നത്. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഏറെ കാലത്തിനുശേഷം രംഭ മനസ്സുതുറക്കുന്നത്.