കന്മദം എന്ന ചിത്രത്തിലെ ശ്രദ്ധ നേടിയ മുത്തശ്ശിക്കഥാപാത്രമായ ശാരദ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. കന്മദം കൂടാതെ പട്ടാഭിഷേകം എന്ന സിനിമയിലും ശാരദ നായര്‍ അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയിലൂടെയാണ് കലാകാരിയുടെ വിയോഗ വാര്‍ത്ത പുറംലോകം അറിഞ്ഞത്.

മഞ്ഞക്കിളിയുടെ മൂളിപ്പാട്ട് ഇനിയില്ലെന്നാണ് അഭിനേത്രിയുടെ വിയോഗം അറിയിച്ചു കൊണ്ട് സിനിമാ പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. കന്മദം എന്ന സിനിമയില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പം നിറഞ്ഞു നിന്ന കഥാപാത്രമായിരുന്നു മുത്തശ്ശിയുടേത്. ലോഹിതദാസ് കണ്ടെത്തിയ അഭിനേത്രിയാണ് ഇപ്പോള്‍ അരങ്ങൊഴിഞ്ഞിരിക്കുന്നത്. സിനിമയ്ക്കു ചേരുന്ന മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്തെ ശാരദാ നേത്യാറിലാണ് അവസാനിച്ചത്.

സിനിമയുമായി തനിക്കോ കുടുംബത്തിനോ യാതൊരു ബന്ധവും ഇല്ലായിരുന്നു എന്നതും മുമ്പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ശാരദ വ്യക്തമാക്കിയിരുന്നു. എങ്കിലും ആദ്യ ടേക്കില്‍ തന്നെ മുത്തശ്ശി തന്റെ ഷോട്ട് ഓക്കെയാക്കുമായിരുന്നുവെന്ന് ലോഹിതദാസ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമയില്‍ മുത്തശ്ശിയ്ക്ക് ശബ്ദം നല്‍കിയത് ആനന്ദവല്ലിയായിരുന്നു. ചില നിബന്ധനകളോടെയായിരുന്നു അഭിനയം എന്നതിനാല്‍ തന്നെ മുത്തശ്ശി പിന്നൊരു ചിത്രത്തില്‍ അഭിനയിച്ചത് പട്ടാഭിഷേകത്തില്‍ മാത്രമായിരുന്നു.