മുംബൈ: താന്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സൊനാലി ബിന്ദ്ര. താന്‍ കാന്‍സറിനു ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് താരം പറഞ്ഞു. ന്യൂയോര്‍ക്കിലെ ആസ്പത്രിയിലാണ് ചികിത്സയെന്ന് സൊനാലി അറിയിച്ചു.

‘പടര്‍ന്നുകൊണ്ടിരിക്കുന്ന കാന്‍സറിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ് ഞാന്‍. ചെറിയ വേദനയില്‍ തുടങ്ങിയ പരിശോധനയാണ് രോഗ നിര്‍ണയത്തില്‍ എത്തിച്ചത്. തനിക്കു താങ്ങും തണലുമായി കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ഈ സ്‌നേഹത്തില്‍ ഞാന്‍ അനുഗ്രഹീതയാണെന്നും’ സൊനാലി കുറിപ്പില്‍ പറയുന്നു.

ഡോക്ടര്‍മാരുടെ നിര്‍ദേശം അനുസരിച്ചാണ് ന്യൂയോര്‍ക്കിലെ ആസ്പത്രിയില്‍ ചികിത്സ തേടിയത്. എനിക്കു ശുഭപ്രതീക്ഷയാണുള്ളത്. ഏതു വിധേനയും താന്‍ അസുഖത്തോടു പോരാടും. സ്‌നേഹവും കരുതലും തനിക്ക് അതിനു കൂട്ടായുണ്ടെന്ന് സൊനാലി പറഞ്ഞു. നേരത്തെ, നടന്‍ ഇര്‍ഫാന്‍ ഖാനും ക്യാന്‍സര്‍ ബാധിതനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. വിദേശത്ത് ചികിത്സയിലാണ് ഇര്‍ഫാന്‍ ഖാന്‍.