X

അടല്‍ ഇന്നവേഷന്‍ മിഷന്‍ പൊതു വിദ്യാലയങ്ങളില്‍ മതിയെന്ന് കേരളം

 

തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിക്കും ദേശീയ ജലപാത ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രധാന വികസന പദ്ധതികള്‍ക്കും കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുന്നതുസംബന്ധിച്ച് നീതി ആയോഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. നീതി ആയോഗ് അംഗം ഡോ. വി.കെ സാരസ്വത്, കേരളത്തിന്റെ ചുമതലയുള്ള അഡൈ്വസര്‍ ഡോ. യോഗേശ്വരി, ഡയരക്ടര്‍ നീരജ് സിംഗാള്‍ എന്നിവരുമായാണ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ചര്‍ച്ച നടത്തിയത്.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വീട് എന്നിവക്ക് ഊന്നല്‍ നല്‍കി നടപ്പാക്കുന്ന നവകേരള കര്‍മ പദ്ധതിക്ക് സഹായം നല്‍കാന്‍ നീതി ആയോഗിന് താല്‍പ്പര്യമുണ്ടെന്ന് ഡോ. സാരസ്വത് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 700 കോടി രൂപ കുടിശ്ശികയുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യ മേഖലയില്‍ ജീവിത ശൈലീജന്യമായ രോഗങ്ങള്‍ തടയുന്നതിനാണ് കേരളം മുന്‍ഗണന നല്‍കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടുത്ത തലമുറ പ്രശ്‌നങ്ങളാണ് കേരളം ഇപ്പോള്‍ തന്നെ കൈകാര്യം ചെയ്യുന്നത്. അത് മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
കോവളം മുതല്‍ കാസര്‍കോട് വരെ ദേശീയ ജലപാത നിര്‍മിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ജലപാതകള്‍ മെച്ചപ്പെടുത്തിയാണ് പുതിയ ജലപാത നിര്‍മിക്കുന്നത്.ഇക്കാര്യത്തില്‍ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അതിനാല്‍ കേന്ദ്രവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഡോ. സാരസ്വത് അറിയിച്ചു. കേന്ദ്രത്തിന്റെ വ്യവസായ ഇടനാഴി പദ്ധതിയില്‍ പെടുത്തി കോയമ്പത്തൂരില്‍ നിന്ന് കൊച്ചിയിലേക്ക് വ്യവസായ ഇടനാഴി നിര്‍മിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ ചെന്നൈ-ബംഗളൂരു ഇടനാഴിയാണ് കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്.കൊച്ചി റിഫൈനറിയുടെ വികസനം പൂര്‍ത്തിയാകുന്നതു കണക്കിലെടുത്ത് കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കേംപ്ലക്‌സ് സ്ഥാപിക്കാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതി നടപ്പാക്കാന്‍ കേരളം തീരുമാനിച്ചത് പ്രധാനമന്ത്രിയുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കൊച്ചിയിലടക്കം മൂന്ന് ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്കുകള്‍ നിര്‍മിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നുണ്ട്. അതിനും കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു.
അടല്‍ ഇന്നവേഷന്‍ മിഷന്റെ പദ്ധതികള്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് നല്‍കുന്നതിനെ മുഖ്യമന്ത്രി എതിര്‍ത്തു. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കല്ല, പൊതു വിദ്യാലയങ്ങള്‍ക്കാണ് സഹായവും പിന്തുണയും നല്‍കേണ്ടത്. കേരളം വിദ്യാഭ്യാസ രംഗത്ത് നേട്ടമുണ്ടാക്കിയത് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അതിനാല്‍ അടല്‍ ഇന്നവേഷന്‍ മിഷന്റെ കാര്യത്തില്‍ ആവശ്യമായ മാറ്റം വരുത്താന്‍ നീതി ആയോഗ് തയാറാവണം. കേരളത്തിന്റെ കാര്യത്തില്‍ മുഖ്യന്ത്രിയുടെ ആവശ്യം പരിഗണിക്കാമെന്ന് ഡോ. സാരസ്വത് അറിയിച്ചു.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, പ്ലാനിങ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ് സെന്തില്‍ എന്നിവരും കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിച്ചു.

chandrika: