സാമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ തീരുമാനമുണ്ടെങ്കില്‍ എത്രയും വേഗം വിവരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. സെപ്റ്റംബര്‍ 24നകം വിവരം നല്‍കണമെന്നാണ് ജസ്റ്റിസ് ദീപക് ഗുപ്ത തലവനായ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.

വിഷയവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ അപേക്ഷയിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിവരം ആരാഞ്ഞത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. സോഷ്യല്‍മീഡിയകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് പരാതിയും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഓരോ പരാതിയുമാണ് നിലനില്‍ക്കുന്നത്.