X

നാവികസേനയുടെ പുതിയ മേധാവിയായി കരംബീര്‍ സിങ് ചുമതലയേറ്റു

ഇന്ത്യന്‍ നാവികസേനയുടെ പുതിയ തലവനായി ഈസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് വൈസ് അഡ്മിറല്‍ കരംബീര്‍ സിങ് ചുമതലയേറ്റു. സുനില്‍ ലാംബ വിരമിച്ചതോടെയാണ് കരംബീര്‍ സ്ഥാനം ഏറ്റെടുത്തത്. സൗത്ത് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ അഡ്മിറല്‍ സുനില്‍ ലാംബ ബാറ്റണ്‍ കൈമാറി. നാവികസേന തലവന്‍ ആകുന്ന ആദ്യത്തെ ഹെലികോപ്റ്റര്‍ പൈലറ്റാണ് കരംബീര്‍ സിങ്.

ഊഴമനുസരിച്ച് ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍ കമാന്‍ഡ് ചീഫ് വൈസ് അഡ്മിറല്‍ ബിമല്‍ വര്‍മ ആയിരുന്നു നേവി തലവന്‍ ആകേണ്ടിയിരുന്നത്.
സര്‍വീസ് കാലയളവല്ല, മറിച്ച് കഴിവാണ് പരിഗണിച്ചതെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ വാദം. ഇത് രണ്ടാം തവണയാണ് ഇത്തരത്തില്‍ സീനിയോറിറ്റി മറികടന്ന് സൈനികവിഭാഗങ്ങളുടെ തലവന്മാരെ നിയമിക്കുന്നത്.

കരസേന മേധാവിയായി 2016ല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ തഴഞ്ഞായിരുന്നു. കരംബീര്‍ സിങിന്റെ നിയമനത്തിനെതിരെ ബിമല്‍ വര്‍മ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ജൂലൈ 17ന് പരാതിയില്‍ ട്രിബ്യൂണല്‍ പരാതികേള്‍ക്കും.

chandrika: