X

ആഫ്ഗാനിലെ അടച്ചിട്ട ഗെയ്റ്റിനു മുന്‍പില്‍ തലകുനിച്ചിനില്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികളേ !

സോഷ്യല്‍മീഡിയ- ഹുസൈര്‍ മുഹമ്മത്

‘ഇഖ്‌റഅ് ‘.
ഹിറ ഗുഹയില്‍ ധ്യാന നിമഗ്‌നനായിരിക്കുമ്പോള്‍ ഗബ്രിയേല്‍ മാലാഖ വഴി
മുഹമ്മദ് നബിക്ക് ലഭിച്ച ആദ്യദൈവിക പ്രബോധനമത്രെയിത്.
ആയിരത്തിനാനൂറുവര്‍ഷങ്ങള്‍ക്കു ശേഷമാണ് ചരിത്രസ്മൃതികള്‍ ഉറങ്ങിക്കിടക്കുന്ന
ഹിറ ഗുഹസ്ഥിതി ചെയ്യുന്ന ജബലൂനുരിലെ മലകള്‍ക്കരികെ ഞാനെത്തുന്നത്.
മക്കയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരമേ ഇവിടേക്കുള്ളു. പൊള്ളുന്ന വെയിലായിരുന്നു അന്നേരം. മലകള്‍ക്കു മീതെ നിന്ന് ആഞ്ഞടിച്ചു വരുന്ന കാറ്റിനും ചൂട് തന്നെ. എന്നിട്ടും ഏറെനേരം ഞാനാ മലയെതന്നെ നോക്കി നിന്നു.
‘ഇഖ്‌റഅ് ‘
ആ അശരീരി അപ്പോഴും കേള്‍ക്കുന്നതുപോലെ എനിക്കപ്പോള്‍ തോന്നിയിരുന്നു.
മനുഷ്യാ നീ വായിക്കുക എന്നാണതിനര്‍ത്ഥം.
പുരുഷാ നീ മാത്രം വായിക്കൂ എന്നല്ല,
സ്ത്രീയേ നീ വായിക്കണ്ട എന്നുമല്ല.
വായന ഒരു തപസ്യയാണ്. ആദ്യം നമ്മെ വായിക്കുക. പിന്നെ ചുറ്റുപാടുകളെ വായിക്കുക. മറ്റു മനുഷ്യരെ വായിക്കുക. പ്രപഞ്ചത്തിന്റെ നന്‍മകളെ വായിക്കുക. ചരാചരങ്ങളോട് സ്‌നേഹം കാണിക്കാനും, ദയയും അനുകമ്പയും കാണിക്കാനും. തിന്‍മകളെ നിരാകരിക്കാനും
എല്ലാറ്റിനും വേണ്ടി മനുഷ്യാ നീ വായിക്കുക.
എന്നിട്ടുമെന്തേ ഇതേ മതഭരണകൂടം അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കുനേരെ വായനയുടെ വാതായനങ്ങള്‍ കൊട്ടിയടക്കുന്നു. വായനയുടെ വലിയൊരിടമായ സര്‍വ്വകലാശാലകളില്‍ അവര്‍ക്ക് ഭ്രഷ്ട് കല്‍പിക്കുന്നു.
ഇവര്‍ ആരേയാണപ്പോള്‍ നിരാകരിക്കുന്നത്. ദൈവത്തേയോ ?,
അതോ പ്രവാചകനേയോ ?.
ആഫ്ഗാനിലെ യൂണിവേഴ്‌സിറ്റികളുടെ അടച്ചിട്ട ഗെയ്റ്റിനു മുന്‍പില്‍ തലകുനിച്ചിനില്‍ക്കേണ്ടി വരുന്ന
പെണ്‍കുട്ടികളേ,
ധിക്കാരത്തിന്റെ ശാസനകളിറക്കുന്ന ആ ചില്ലുമേടക്കുനേരെ നിങ്ങളിലാരാണൊരു
ചെറുകല്ലെങ്കിലും ആദ്യമെറിയുക.

Chandrika Web: