X

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യം 240 സീറ്റില്‍ മത്സരിക്കും

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ 240 സീറ്റില്‍ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ബാക്കി 48 സീറ്റുകള്‍ സഖ്യത്തിലെ ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനമായതായും പവാര്‍ പറഞ്ഞു. ഈ വര്‍ഷം അവസാനത്തിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. പ്രകാശ് അംബേദ്കറിന്റെ പാര്‍ട്ടിയുമായി എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ധാരണയിലെത്തിയില്ല.

ശിവസേനയുമായുള്ള സഖ്യ വിഷയത്തില്‍ പ്രതികരിച്ച ശരത് പവാര്‍, ഇവിഎം സംബന്ധിച്ച് വിഷയത്തില്‍ രാജ് താക്കറെ സോണിയ ഗാന്ധിയെ കണ്ടതായും വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ രാജ് താക്കറെയുടെ എംഎന്‍എഎസ് ആലോചിക്കുന്നുണ്ടെന്നും പവാര്‍ പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുമായി സീറ്റ് വിഭജനം സംബന്ധിച്ച് എന്‍സിപിയും കോണ്‍ഗ്രസും ചര്‍ച്ച നടത്തും. മണ്ഡലവും സ്ഥാനാര്‍ത്ഥികളും സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും. വോട്ടിങ് മെഷീനിന്റെ പേരില്‍ തെരഞ്ഞെടുപ്പ് തങ്ങള്‍ ബഹിഷ്‌കരിക്കില്ലെന്നും പവാര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഒരു പാര്‍ട്ടികളും ഇങ്ങനെ തീരുമാനിച്ചിട്ടില്ല.

എംഎന്‍എസ്സിന്റെ പല നേതാക്കളുമായും സഖ്യചര്‍ച്ച നടത്തിയിരുന്നു. എന്‍സിപിയിലെയും മറ്റു പാര്‍ട്ടികളിലെയും നേതാക്കളെ പ്രലോഭിപ്പിച്ചു അടര്‍ത്തിയെടുക്കാന്‍ ബിജെപി ശ്രമം നടത്തുകയാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമം. എന്‍സിപി നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ആണെന്നും പവാര്‍ ആരോപിച്ചു. പലരെയും നിര്‍ബന്ധിച്ചാണ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ടുപോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ വെച്ച് ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പവാര്‍ ആരോപിച്ചു. മൂന്ന് നേതാക്കളാണ് ഈ ആഴ്ച്ച എന്‍സിപി വിട്ടത്.

chandrika: