X

രാജസ്ഥാനില്‍ ആര്‍.എസ്.എസ് മുക്ത ബ്യൂറോക്രസി നടപ്പാക്കുന്നു

ജയ്പൂര്‍: ആര്‍.എസ്.എസ്- ബി.ജെ.പി ആദര്‍ശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥരെ മാറ്റാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഉദ്യോഗസ്ഥരെ ട്രാന്‍സ്ഫര്‍ ചെയ്യുകയോ അപ്രധാന പദവികളിലേക്ക് മാറ്റുകയോ ആയിരിക്കും ചെയ്യുക.
ആര്‍.എസ്.എസ്- ബി.ജെ. പി പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരുടെ നിസ്സഹകരണം ഭരണത്തെ ബാധിച്ച സാഹചര്യത്തിലാണ് ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് രാജസ്ഥാനില്‍ ആര്‍.എസ്.എസ് മുക്ത ബ്യൂറോക്രസി ലക്ഷ്യമിട്ട് ജോലി തുടങ്ങിയിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ആര്‍.എസ്.എസ് അനുഭാവമുള്ള ഉന്നത ഉദ്യോഗസ്ഥരെയായിരിക്കും സ്ഥലംമാറ്റുക. ഇതിന്റെ ഭാഗമായി ആര്‍.എസ്.എസ് അംഗങ്ങളായ ഉദ്യോഗസ്ഥര്‍ക്ക് വിപ്പ് നല്‍കും.
നിസ്സഹകരണം പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ എം.എല്‍.എമാരും പ്രദേശ് കോണ്‍ഗ്രസ് ഭാരവാഹികളും (പി.സി.സി) മുന്നോട്ടുവച്ച ആവശ്യം വളരെ പ്രധാനമാണെന്നും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ നടപ്പാക്കാത്ത ഉദ്യോഗസ്ഥരെ നീക്കുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. നേരത്തെ പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ആര്‍.എസ്.എസ് ആദര്‍ശമുള്ള ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്ന് സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രൂപേഷ് കന്ത് വ്യാസ് പറഞ്ഞു.
അതേസമയം, സര്‍ക്കാരില്‍ നിന്നും ഉദ്യോഗസ്ഥരെ വേര്‍പ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തെ എതിര്‍ക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാംലാല്‍ ശര്‍മ വ്യക്തമാക്കി. ഒരു ഉദ്യോഗസ്ഥനെ അയാളുടെ ആദര്‍ശം കൊണ്ടല്ല അളക്കേണ്ടതെന്നും അയാളുടെ ജോലിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണെന്നും രാം ലാല്‍ പറഞ്ഞു.

chandrika: