അഹമ്മദ് ഷരീഫ് പി.വി
ബംഗളൂരു

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ബംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദിക്കും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറിനുമെതിരെ നിശിതമായ വിമര്‍ശനമാണ് മന്‍മോഹന്‍ നടത്തിയത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരം താണ രീതിയില്‍ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം സമൂഹത്തിന് ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദി ഇക്കാര്യത്തില്‍ പാഠം പഠിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.
നോട്ട് അസാധുവാക്കലും തിരക്കിട്ട് നടപ്പാക്കിയ ജി.എസ്.ടിയും മോദി സര്‍ക്കാര്‍ കാണിച്ച മണ്ടത്തരമാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ മന്‍മോഹന്‍ സിങ്. ധനകാര്യ മേഖലയില്‍ മോദി സര്‍ക്കാര്‍ പിന്തുടരുന്നത് നയങ്ങളല്ല, മണ്ടന്‍ ആശയങ്ങള്‍ മാത്രമാണെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയില്‍ എത്തിയ സിങ് ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മോദി സര്‍ക്കാറിന്റെ നടപടികളുടെ ഫലമായി ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വീരവാദം മുഴക്കിയ മോദിക്കു കീഴില്‍ 72 കോടി തൊഴിലവസരങ്ങളാണ് നഷ്ടമായതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
മോദി സര്‍ക്കാറിന് കീഴില്‍ ബാങ്കിങ് മേഖലയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായി. ബാങ്കുകളില്‍ നിക്ഷേപം നടത്താന്‍ ജനം തയാറാവുന്നില്ല. മോദിക്കൊപ്പം ദാവോസില്‍ കണ്ട നീരവ് മോദി, ഏതാനും ദിവസത്തിനകമാണ് ഒളിവില്‍ പോയത്. മോദി സര്‍ക്കാര്‍ നടത്തുന്ന അത്ഭുതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സൈസ് നികുതി വര്‍ധിപ്പിച്ചതാണ് ഇപ്പോഴത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്ക് കാരണമെന്നും ചെയ്യേണ്ട ജോലി മോദി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും മന്‍മോഹന്‍ പറഞ്ഞു. രണ്ടാം യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയെടുത്ത രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നാലു വര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തെന്ന് സിങ് പറഞ്ഞു. കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിനെ കുറ്റംപറയുന്ന മോദി, ഭരണവും സാമൂഹ്യ നീതിയും നടപ്പിലാക്കുന്നത് എങ്ങിനെയെന്ന് കര്‍ണാടകയെ കണ്ട് പഠിക്കണം. ഭിന്നാഭിപ്രായങ്ങള്‍ പറയുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവരെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യ വിരുദ്ധമാണ്. തന്നെ മൗനിയെന്ന് ആക്ഷേപിച്ചിരുന്ന നരേന്ദ്രമോദി എന്തുകൊണ്ടാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവാത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിനുണ്ടായിരുന്ന പവിത്രസ്ഥാനം പൂര്‍ണമായി നഷ്ടമായെന്നും മന്‍മോഹന്‍സിങ് പറഞ്ഞു.
70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് എല്ലാം തകര്‍ത്തെന്ന് ആരോപിക്കുന്ന മോദി രാജ്യത്ത് ഹരിത വിപ്ലവമടക്കം കാര്‍ഷിക മേഖലയില്‍ നടപ്പിലായ സമഗ്ര വികസനങ്ങളെ കുറിച്ച് പഠിക്കുന്നത് നന്നാവുമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് വക്താക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രിയങ്ക ചതുര്‍വേദി, എ.ഐ.സി.സി സെക്രട്ടി രാജീവ് ഗൗഡ സംബന്ധിച്ചു.