ഷില്ലോംഗ്: നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ മേഘാലയയില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി എംഎല്‍എമാരുടെ രാഷ്ട്രീയ നീക്കം. എട്ട് എംഎല്‍എമാരാണ് രാജിക്കത്ത് എഴുതി നല്‍കി. രാജിവച്ചവര്‍ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് ചേക്കേറുന്നതായാണ് റിപ്പോര്‍ട്ട്.

രാജിവച്ചവരില്‍ അഞ്ച് പേര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. രണ്ട് സ്വതന്ത്രരും ഒരു യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി എംഎല്‍എയുമാണ് രാജിവച്ചത്. രാജിവച്ചവര്‍ വ്യാഴാഴ്ച രാഷ്ട്രീയ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യും. മുകുള്‍ സാംഗ്മയുടെ ഭരണം ഏകാധിപത്യപരമാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തിയത്. മുന്‍പ് മേഘാലയയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന പിഎ സാഗ്മയുടേ നേതൃത്വത്തിലുള്ളതാണ് ഇപ്പോഴത്തെ എന്‍പിപി.

ശരദ് പവാറിനൊപ്പം എന്‍സിപി രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച ഇദ്ദേഹം, ശരത് പവാര്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ശ്രമിച്ചപ്പോള്‍ പാര്‍ട്ടി വിട്ടു. പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സാഗ്മ 2013 ലാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്.

60 അംഗ മേഘാലയ നിയമസഭയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2016 ല്‍ പാര്‍ട്ടിയില്‍ നിന്ന് ഒരംഗത്തെ അച്ചടക്ക നടപടിയെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹം പിന്നീട് പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഇപ്പോള്‍ അഞ്ച് എം.എല്‍.എമാര്‍ കൂടി പാര്‍ട്ടിവിട്ടതോടെ കോണ്‍ഗ്രസ് അംഗബലം 24 ആയി കുറഞ്ഞു. ഫലത്തില്‍ സര്‍ക്കാര്‍ ന്യൂനപക്ഷമായി. രാജിവെച്ച അഞ്ച് എം.എല്‍.എ.മാരില്‍ നാലുപേര്‍ നേരത്തെ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവരാണ്. ഇവരെ മുകുള്‍ സാംഗ്മ കഴിവില്ലെന്നാരോപിച്ച് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയവരാണ്.

കഴിഞ്ഞ 15 വര്‍ഷമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഭരണം തുടരുകയാണ്. ബിജെപി ലക്ഷ്യമിടുന്ന അടുത്ത വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് മേഘാലയ. മാര്‍ച്ചിലാണ് ഇവിടെയും ത്രിപുരയിലും നാഗാലാന്റിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.