തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാനുള്ള നീക്കത്തിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യം. സര്‍ക്കാറിനെതിരായ ജനവികാരത്തില്‍ തോല്‍വി ഉറപ്പാണെന്നിരിക്കെ ആറ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്ന ഭയമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന സര്‍ക്കാര്‍ നിലപാടിന് കാരണം. തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കണമെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കോവിഡിന്റെ മറവില്‍ രാഷ്ട്രീയം പറയരുതെന്ന ഒരു പുതിയ ഒരു കീഴ്‌വഴക്കമുണ്ടാക്കിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഇത് മുന്നോട്ടു കൊണ്ടുപോവാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ ഇതിനിടെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വരികയും അതില്‍ തോല്‍ക്കുകയും ചെയ്താല്‍ അത് വലിയ തിരിച്ചടിയാവുമെന്ന ഭയം സര്‍ക്കാറിനുണ്ട്. അതൊഴിവാക്കാന്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന പുതിയ നിലപാടില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രയാസകരമാണ് എന്നാണ് സര്‍ക്കാര്‍ ഇതിന് കാരണമായി പറയുന്നത്.

എന്നാല്‍ സര്‍ക്കാറിന്റെ ആവശ്യം പ്രതിപക്ഷം അംഗീകരിച്ചിട്ടില്ല എന്നതാണ് പ്രാഥമിക വിവരം. കോവിഡ് പ്രോട്ടോക്കോള്‍ ആണ് പ്രശ്‌നമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടത്തണമെന്നത് സിപിഎമ്മിന്റെ വാശിയായിരുന്നു. കോവിഡിന്റെ മറവില്‍ ജയിച്ചുകയറാമെന്നാണ് സിപിഎം പ്രതീക്ഷ. എന്നാല്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ മറ്റൊരു നിലപാടാണ് സര്‍ക്കാറിനുള്ളത്. ഇത് ഇരട്ടത്താപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ആവശ്യപ്പെട്ടാല്‍ മാത്രമേ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയുള്ളൂ. ഇതിനാണ് സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടിയത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് മാത്രമായി ഒഴിവാക്കേണ്ടതില്ല എന്ന നിലപാടായിരിക്കും പ്രതിപക്ഷം അറിയിക്കുക എന്നാണ് വിവരം.