റിയാദ്: റിയാദില്‍ നിന്ന് കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. നവംബര്‍ 30 വരെയാണ് ഈ ഇളവ് ലഭിക്കുക.

കൊച്ചിയിലേക്ക് റിട്ടേണ്‍ ടിക്കറ്റിന് 500 റിയാലാണ്. ഇത് നികുതി കൂടി ചേര്‍ത്ത് 1410 റിയാലിന് ലഭിക്കും. തിരുവനന്തപുരത്തേക്ക് 600 റിയാലാണ് അടിസ്ഥാന നിരക്ക്. നികുതിയടക്കം 1540 റിയാല്‍ നല്‍കിയാല്‍ മതി. നേരത്തേ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 900 റിയാലായിരുന്നു അടിസ്ഥാന നിരക്ക്. ഇതാണ് 500ഉം 600മായി കുറച്ചിരിക്കുന്നത്. മുംബൈയിലേക്ക് 1290 റിയാലും ഡല്‍ഹിയിലേക്ക് 1440 മാണ് ടിക്കറ്റ് നിരക്ക്.
ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എയര്‍ ഇന്ത്യ ഓഫിസിന്റെ പ്രവൃത്തി സമയവും വര്‍ധിപ്പിച്ചിട്ടുണ്ട്. റിസര്‍വേഷനും ടിക്കറ്റിനുമുള്ള ഓഫിസ് ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച്ച അവധിയായിരിക്കും.