X

ലക്ഷ്യം സൂപ്പര്‍ കപ്പ്; കേരളാ എഫ്.സി നേരിടുന്നത് ഐസ്‌വാള്‍ എഫ്.സിയെ

ഐസ്‌വാള്‍: കേരളാ എഫ്.സിയുടെ ലക്ഷ്യം സൂപ്പര്‍ കപ്പാണ്. സൂപ്പര്‍ കപ്പില്‍ കളിക്കണമെങ്കില്‍ ഐ ലീഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലൊന്ന് നേടണം. നിലവില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന ബിനു ജോര്‍ജ്ജിന്റെ സംഘം ഇന്ന് ഉച്ചക്ക് രണ്ടിന് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നേരിടുന്നത് നിലവിലെ ചാമ്പ്യന്മാരായ ഐസ്‌വാള്‍ എഫ്.സിയെ. ജയിച്ചാല്‍ കേരളാ എഫ്.സിക്ക് സൂപ്പര്‍ കപ്പുറപ്പിക്കാം. തോറ്റാല്‍ അവശേഷിക്കുന്ന ഒരു മല്‍സരത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. ചാമ്പ്യന്‍ഷിപ്പിലെ തുടക്കത്തിലെ ദയനീയതക്ക് ശേഷം ടീം തിരിച്ചുവരവിന്റെ പാതയിലാണ്. കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ തോല്‍വിയില്ല. പരാജയപ്പെടുത്തിയത് കൊല്‍ക്കത്താ സിംഹങ്ങളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, മിനര്‍വ പഞ്ചാബ് തുടങ്ങിയവരെ. അവസാന മല്‍സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ അവസാന സമയം വരെ ഒരു ഗോളിന് ലീഡ് ചെയ്ത ടീം ഇഞ്ച്വറി സമയത്താണ് സമനില വഴങ്ങിയത്. ഐസ്‌വാള്‍ ടീം സ്വന്തം മൈതാനത്താണ് കളിക്കുന്നതെന്നും അതിന്റെ ആനുകൂല്യം ടീമിനുണ്ടാവുമെന്നും എന്നാല്‍ വിജയം മാത്രമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും ബിനു ജോര്‍ജ് പറഞ്ഞു. പ്രതിയോഗികളെ ഭയപ്പെടാതെ സ്വന്തം ഗെയിം നടപ്പിലാക്കുന്ന താരങ്ങളാണ് ടീമിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ പരിചയക്കുറവാണ് ടീമിനെ ബാധിച്ചത്. കൂടുതല്‍ വിദേശ താരങ്ങള്‍ ടീമിലെത്തിയതോടെ അതിവേഗ ഫുട്‌ബോളാണ് ടീം കാഴ്ച്ചവെക്കുന്നതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.മൂന്ന് പോയന്റാണ് വ്യക്തമായ ലക്ഷ്യമെന്ന് ഐസ്‌വാള്‍ പരിശീലകന്‍ സന്തോഷ് കാശ്യപും വ്യക്തമാക്കി. കഴിഞ്ഞ സീസണില്‍ കിരീടം സ്വന്തമാക്കിയ ടീം അതേ ഫോമില്‍ കളിക്കുന്നില്ലെന്നും എന്നാല്‍ നിര്‍ണായക മല്‍സരമായതിനാല്‍ കാണികളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും കോച്ച് പറഞ്ഞു.

chandrika: