റായ്പൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അജിത് ജോഗി മത്സരിക്കില്ല.

അദ്ദേഹത്തിന്റെ മകന്‍ അമിത് ജോഗിയാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിക്കുണ്ടേി പ്രചാരണ പരിപാടികള്‍ ശക്തമാക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി അദ്ദേഹം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും അമിത് ജോഗി പറഞ്ഞു.

നിലവിലെ മുഖ്യമന്ത്രി രമണ്‍ സിങിനെതിരെ രഞ്ജന്‍ ദഗോണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് അജിത് ജോഗി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അജിത് ജോഗിക്കു വേണ്ടി മണ്ഡലത്തില്‍ പ്രചാരണ ക്യാമ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

അജിത് ജോഗി മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച സാഹചര്യത്തില്‍ രമണ്‍ സിങിനെതിരെ ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടി വരും. കോണ്‍ഗ്രസ് സഖ്യ സാധ്യത തകര്‍ന്നതിനെത്തുടര്‍ന്ന് ഛത്തീസ്ഗഢ് ജനത കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ബിഎസ്പി മത്സരിക്കുന്നത്.

ഛത്തീസ്ഗഡ് ജനത കോണ്‍ഗ്രസ് 55 സീറ്റിലും ബിഎസ്പി 35 സീറ്റിലും മത്സരിക്കാന്‍ മായാവതിയുമായി ജെ.സി.സി ധാരണയിലെത്തിയിട്ടുണ്ട്.