എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് തോമസ്ചാണ്ടിയുടെ പെഴ്‌സണല്‍ അസിസ്റ്റന്റ് ശ്രീകുമാറിന്റെ വീട്ടിലെ സഹായി. ശ്രീകുമാറിന്റെ മക്കളെ നോക്കുന്നതിനായി വീട്ടില്‍ നിയമിച്ചിട്ടുള്ള ജീവനക്കാരിയാണ് മഹാലക്ഷ്മി. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണിവര്‍. എന്നാല്‍ മഹാലക്ഷ്മിയുടെ ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് ഹര്‍ജി നല്‍കിയതെന്നുമാണ് ഇവരുടെ മകള്‍ വ്യക്തമാക്കുന്നത്.

ശശീന്ദ്രന്‍ മന്ത്രിയാകുന്നത് തടയാന്‍ തോമസ്ചാണ്ടി വിഭാഗം കരുക്കള്‍ നീക്കിയിരുന്നെന്ന വാര്‍ത്തകള്‍ ശരിവെക്കുന്നതാണ് ഹര്‍ജിക്കാരിയും ശ്രീകുമാറും തമ്മിലുള്ള ബന്ധം. ഫോണ്‍ വിളി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടര്‍ന്ന് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി ഹൈക്കോടതിയിലും ഹര്‍ജി നല്‍കി.

തനിക്ക് പ്രായപൂര്‍ത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാല്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്. ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ആരോപണത്തില്‍ നിന്ന് പിന്മാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇതുവരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയോ പൊതുവിഷയങ്ങളില്‍ പ്രതികരിക്കുകയോ ചെയ്യാത്ത ഒരാള്‍ ഇത്തരമൊരു ഹര്‍ജി നല്‍കിയപ്പോള്‍ തന്നെ ഇതിനുപിന്നില്‍ ആരോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ മഹാലക്ഷ്മിയെ കൊണ്ട് ഹര്‍ജി നല്‍കിയതിന് പിന്നില്‍ തോമസ് ചാണ്ടിയാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അതേസമയം ശ്രീകുമാറും പത്തനാപുരം എം.എല്‍.എ ഗണേഷ്‌കുമാറും സുഹൃത്തുക്കളാണെന്നും ശശീന്ദ്രന്‍ മന്ത്രിയാകുന്നത് തടഞ്ഞ് ഗണേഷിനെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കമായിരുന്നു ഹര്‍ജിക്ക് പിന്നിലെന്നും മുന്‍ എന്‍.സി.പി നേതാവ് മുജീബ് റഹ്മാന്‍ പറഞ്ഞു. ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയില്‍ അഭിമുഖത്തിന് പോയ തിരുവനന്തപുരം സ്വദേശിയായ ചാനല്‍ പ്രവര്‍ത്തകയാണ് അദ്ദേഹത്തിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്.

മന്ത്രിയുടേതെന്ന പേരില്‍ ലൈംഗികച്ചുവയുള്ള സംസാരമടങ്ങിയ ഫോണ്‍വിളി ചാനലിന്റെ ആദ്യവാര്‍ത്തയായി സംപ്രേക്ഷണം ചെയ്തതോടെ കഴിഞ്ഞ മാര്‍ച്ച് 26ന് ശശീന്ദ്രന്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് കേസ് കോടതിയിലെത്തിയപ്പോള്‍ പരാതിക്കാരി മൊഴി മാറ്റുകയായിരുന്നു. മന്ത്രിമന്ദിരത്തില്‍വെച്ച് ശശീന്ദ്രന്‍ തന്നോട് മോശമായി പെരുമാറിയതായി ഓര്‍ക്കുന്നില്ലെന്നും ഫോണില്‍ അശ്ലീലസംഭാഷണം നടത്തിയത് ശശീന്ദ്രനാണെന്ന് നൂറുശതമാനം ഉറപ്പില്ലെന്നും തനിക്ക് പരാതിയില്ലെന്നുമുള്ള ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശശീന്ദ്രനെ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മന്ത്രിസഭയിലെത്തുകയായിരുന്നു.