അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കലാകാരനാണ് നടന്‍ അലന്‍സിയര്‍. സംവീധായകന്‍ കമലുമായി ബന്ധപ്പെട്ട വിവാദമുമണ്ടായപ്പോള്‍ കാസറഗോഡ് ബസ്റ്റാന്റിന് മുന്നില്‍ വിത്യസ്തമായ ഒരു ഒറ്റയാന്‍സമരം നടത്തി പ്രതിഷേധിച്ച അലന്‍സിയര്‍ ഇപ്പോള്‍ ബീഫ് നിരോധനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.  മറ്റുള്ളവരോടു എന്ത് കഴിക്കരുതെന്ന് പറയാനുള്ള അവകാശമൊന്നും നിങ്ങള്‍ക്കില്ലെന്ന് മനസിലാക്കുക എന്നാണ് നടന്‍ പറയുന്നത്. ഈയിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് നടന്‍ അലന്‍സിയര്‍ നിലപാട് വ്യക്തമാക്കിയത്.

”പശുവിനെ അമ്മയാക്കാമെങ്കില്‍ കോഴിയെ എനിക്ക് എന്റെ സഹോദരിയാക്കിക്കൂടേ? കോഴിക്ക് മാത്രം ആരും ചോദിക്കാനും പറയാനും ഇല്ലെന്നാണോ? കോഴിയെ അങ്ങനെയിപ്പോള്‍ മതേതരവാദി ആക്കണ്ട. ഞാനിപ്പോള്‍ അതുകൊണ്ട് കോഴി കഴിക്കാറില്ല. സ്‌കൂളില്‍ പണ്ട് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുമായിരുന്നു ഞാന്‍. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്‍മാരാണെന്ന്. എന്തു കള്ളത്തരമാണത്. അങ്ങനെയാണെങ്കില്‍ എനിക്കൊരു ഇന്ത്യക്കാരിയെ കല്യാണം കഴിക്കാനാകുമോ? എനിക്കു രണ്ടു പിള്ളേരുണ്ടാകുമോ? കള്ളമല്ലേ ആ പറയുന്നത്. ഇപ്പോള്‍ പറയുന്നു, പശു അമ്മയാണെന്ന്. എന്നാല്‍ പിന്നെ കോഴി സഹോദരിയാകട്ടേയെന്ന് ഞാനും വിചാരിച്ചു.”- അലന്‍സിയര്‍ ചോദിക്കുന്നു.

”അമ്മയുടെ മുലപ്പാലിന്റെ രുചിയുണ്ട് ബീഫിന്. ബീഫ് കിട്ടിയാല്‍ കഴിക്കും. അതൊരു സമര്‍പ്പണമാണ്. അമ്മ നമുക്ക് ജീവിതം തരുന്നു. പശുവിന്റെ ജീവിതത്തിനും ഒരു ധര്‍മമുണ്ട്. അതു ചെയ്യാന്‍ അതിനെ അനുവദിക്കുക. അതിന്റെ മാംസത്തിനു രുചിയുണ്ട്. അതു മനുഷ്യന് ഭക്ഷിക്കാനും കഴിയുന്നതാണെങ്കില്‍ എന്തിനാണ് വിലക്കുന്നത്. നിങ്ങള്‍ക്ക് പശു മാതാവ് ആയിരിക്കാം. എങ്കില്‍ നിങ്ങള്‍ കഴിക്കണ്ട. കഴിക്കുന്നവരെ എന്തിനാണു വിലക്കുന്നത്.”

”മറ്റുള്ളവരോടു കഴിക്കരുതെന്ന് പറയാനുള്ള അവകാശമൊന്നും നിങ്ങള്‍ക്കില്ലെന്ന് മനസിലാക്കുക. എന്നെ പ്രസവിച്ചത് എന്റെ അമ്മയാണ്. പശു അല്ല. പാമ്പിനെ കഴിക്കുന്ന നാടുണ്ട് ലോകത്ത്. ജനങ്ങള്‍ക്ക് അരോചകമാകുന്ന നിയമങ്ങള്‍ കൊണ്ടുവരരുത്. ഫാഷിസത്തിന്റെ ലക്ഷണമാണത്. അതൊരു രോഗമാകും. രാജ്യത്തെ നശിപ്പിക്കുന്ന രോഗം.”

”കേരളത്തിലെ ബിജെപി നേതാക്കള്‍ ബീഫ് കഴിക്കുന്നവരാണ്. ഗുജറാത്തിലെ നേതാക്കള്‍ ബീഫ് കയറ്റി അയയ്ക്കുന്നവരാണ്. എന്നിട്ട് നമ്മള്‍ കഴിക്കരുതെന്ന് പറയരുത്. അത് എവിടുത്തെ നിയമമാണെന്ന് എനിക്കു മനസിലാകുന്നില്ല.”-അലന്‍സിയര്‍ വ്യക്തമാക്കി.