india

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; ചര്‍ച്ചകളില്‍ പുരോഗതിയെന്ന് ജീവനക്കാരുടെ സംഘടനകള്‍

By webdesk18

March 21, 2025

മാര്‍ച്ച് 24, 25 തിയതികളില്‍ രാജ്യത്ത് ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുമായി യൂണിയനുകള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം തൊഴിലാളികളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഗണിക്കാമെന്ന് സെന്‍ട്രല്‍ ലേബര്‍ കമ്മീഷണര്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാത്തിനാണ് തീരുമാനം.

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ (യുഎഫ്ബിയു) ണ് ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. ഒമ്പത് പ്രമുഖ ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയാണ് യുഎഫ്ബിയു. എല്ലാ തസ്തികളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പഞ്ചദിന ബാങ്കിങ് നടപ്പാക്കുക, കരാര്‍, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്ക് ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക, ഗ്രാറ്റുവിറ്റി ആക്ട് പരിഷ്‌കരിക്കുക, ഐഡിബിഐ ബാങ്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിലനിര്‍ത്തുക, തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്.

അഞ്ച് ദിവസത്തെ ജോലിയില്‍ ഉള്‍പ്പടെ അനുഭാവപൂര്‍വമായ സമീപനമുണ്ടാകുമെന്നും റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാവുമെന്നും ഐ.ബി.എ ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നിലവിലെ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അറിയിച്ച ജീവനക്കാരുടെ സംഘടനകള്‍ തുടര്‍ ചര്‍ച്ചകള്‍ ഏപ്രില്‍ മൂന്നാംവാരത്തില്‍ നടത്തുമെന്നും അറിയിച്ചു.

മാര്‍ച്ച് 22 നാലാം ശനിയും 23 ഞായറുമാണ്. 24, 25 തിയതികളില്‍ പണിമുടക്ക് നടന്നിരുന്നുവെങ്കില്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അടഞ്ഞ് കിടക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. മാര്‍ച്ച് 30- ഞായര്‍, മാര്‍ച്ച് 31- ചെറിയപെരുന്നാള്‍, ഏപ്രില്‍ ഒന്ന്- കണക്കെടുപ്പ് എന്നിവായായതിനാല്‍ ആ ദിവസങ്ങളില്‍ വീണ്ടും ബാങ്ക് അടഞ്ഞ് കിടക്കും.