ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി. തിരുവാഭരണങ്ങളിലെ രണ്ടാം തരം മാലയും നവരത്‌നങ്ങള്‍ പതിച്ച പതക്കവുമാണ് നഷ്ടപ്പെട്ടത്. പതക്കം നഷ്ടപ്പെട്ടതായി ദേവസ്വം കമ്മീഷ്ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതക്കമാണ് നഷ്ടപ്പെട്ടത്.

വിഷുദിനത്തില്‍ ഏല്‍പ്പിച്ച തിരുവാഭരണമാണ് കാണാതായത്. വിഷുവിന് തിരുവാഭരണങ്ങള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേല്‍ശാന്തിയെ ഏല്‍പ്പിച്ചിരുന്നു. നവരത്‌നങ്ങള്‍ പതിച്ച മുഖം, മാറ്, മാല എന്നിവയാണ് മേല്‍ശാന്തിയെ ഏല്‍പ്പിച്ചത്. പിന്നീട് തിരികെ ഏല്‍പ്പിച്ചപ്പോഴാണ് പതക്കം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെടുന്നത്. എന്നാല്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരേയും കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ വിശദമായ പരിശോധന ദേവസ്വംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.