വാഷിംഗ്ടണ്‍: പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് മുന്‍പ് ട്രംപ് അനുകൂലികള്‍ വലിയ കലാപം നടത്താന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാജ്യം മുഴുവന്‍ അക്രമാസക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

50 സംസ്ഥാനങ്ങളിലും ഗൗരവമായ ജാഗ്രതാനിര്‍ദേശമാണ് എഫ്.ബി.ഐ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളില്‍ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി എത്താന്‍ സാധ്യതയുണ്ടെന്നും ഇത് അക്രമത്തില്‍ കലാശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാണ് സുരക്ഷാസൈനികര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ജനുവരി 20ന് ക്യാപിറ്റോള്‍ ആക്രമണം ആവര്‍ത്തിക്കാതിരിക്കാനായി എല്ലാ നടപടികളും അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ആയിര കണക്കിന് നാഷണല്‍ ഗാര്‍ഡ് ട്രൂപ്പുകള്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ വിന്യസിച്ചിരിക്കുകയാണ്. വാഷിംഗ്ടണിലെ ഒട്ടുമിക്ക ഭാഗങ്ങളും അടച്ചിട്ടു കഴിഞ്ഞു.

സാധാരണ പ്രസിഡന്റ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ ആയിര കണക്കിന് പേര്‍ പങ്കെടുക്കുന്ന നാഷണല്‍ മാളും ഇപ്രാവശ്യം അടച്ചിട്ടിരിക്കുകയാണ്. പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്.

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ജനുവരി ആറിന് ക്യാപിറ്റോള്‍ മന്ദിരത്തില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വലിയ ആക്രമണം നടന്നത്. ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.