X

ഗള്‍ഫ് പ്രതിസന്ധി പരിഹാരം: ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രാന്‍സ്

ദോഹ: നിരവധി പ്രശ്്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ഗള്‍ഫ് മേഖലയുടെ പ്രതിസന്ധി പരിഹാരത്തിന്് ആവശ്യപ്പെട്ടാല്‍ ഇടപെടുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
ഗള്‍ഫ് പ്രതിസന്ധിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. പാരീസിലെ എലിസീ പാലസില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാ കക്ഷികളും ഉള്‍പ്പെട്ട ചര്‍ച്ചയിലൂടെയെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാകുകയുള്ളുവെന്ന ഫ്രഞ്ച് നിലപാട് ശ്രദ്ധേയമാണ്. ഖത്തറിന് ഫ്രാന്‍സ് നല്‍കുന്ന പിന്തുണ ഏറെ വിലമതിക്കുന്നു അമീര്‍ പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട് ഖത്തറിനെതിരെ പ്രചരിക്കുന്ന നിരവധി വിവരങ്ങളും റിപ്പോര്‍ട്ടുകളും സത്യമല്ല. ലോകസമാധാനത്തിനും മേഖലാ സമാധാനത്തിനും ഖത്തര്‍ ചെയ്യുന്നതെന്താണെന്ന് കാണാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ്. ഖത്തറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഫ്രാന്‍സ്ഖത്തരി സൗഹൃദത്തിനും ഫ്രഞ്ച് ജനത നല്‍കുന്ന അംഗീകാരത്തെ പ്രശംസിക്കുന്നതായും അമീര്‍ പറഞ്ഞു. റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനം(എസ്400) വാങ്ങുന്നത് സംബന്ധിച്ച് ചര്‍ച്ചകളിലാണ്.
ഈ വിഷയത്തില്‍ ഇതുവരെയും യാതൊരു കരാറിലേക്കും എത്തിയിട്ടില്ലെന്നും അമീര്‍ പറഞ്ഞു. ഖത്തര്‍ വിശ്വാസയോഗ്യ പങ്കാളിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ആഗ്രഹവും കാഴ്ചപ്പാടുമുള്ള സൗഹൃദ രാജ്യം കൂടിയാണ് ഖത്തര്‍. തീവ്രവാദത്തിനെതിരെ രണ്ടുരാജ്യങ്ങളും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കുവൈത്തി മധ്യസ്ഥതയ്ക്കുള്ള പിന്തുണ ഫ്രാന്‍സ് ആവര്‍ത്തിച്ചു. ഖത്തറിനെതിരായ നടപടികളിലൂടെ പ്രതിദിനം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും മാക്രോണ്‍ പരാമര്‍ശിച്ചു. നേരത്തെ നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ച നടന്നു. 2022 ഫിഫ ലോകകപ്പ് ഖത്തറിലും 2024 ഒളിമ്പിക്‌സ് ഫ്രാന്‍സിലും നടക്കുന്ന സാഹചര്യത്തില്‍ കായിക സഹകരണത്തിനും രണ്ടു രാജ്യങ്ങളും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
തീവ്രവാദ സംബന്ധിയായി രണ്ടു രാജ്യങ്ങളും കഴിഞ്ഞ ഡിസംബറില്‍ ലെറ്റര്‍ ഓഫ് ഇന്റന്റില്‍ ഒപ്പുവച്ചിരുന്നു. നിലവില്‍ തുടര്‍ന്നുവരുന്ന ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റോഡ്മാപ്പും വികസിപ്പിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി, ഫലസ്തീന്‍, സിറിയ, ലബനാന്‍, യമന്‍ എന്നിവിടങ്ങളിലെ മാനുഷിക വെല്ലുവിളികള്‍, സുരക്ഷാ സാഹചര്യങ്ങള്‍ എന്നിവയും ചര്‍ച്ചയായി. അമീറിനോടുള്ള ബഹുമാനാര്‍ഥം ഫ്രഞ്ച് പ്രസിഡന്റ് ഒരുക്കിയ ഉച്ചവിരുന്നിലും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. എലിസീ പാലസില്‍ നടന്ന ഉച്ചവിരുന്നില്‍ അമീറിനൊപ്പമുള്ള ഔദ്യോഗിക പ്രതിനിധിസംഘവും ഫ്രഞ്ച് പക്ഷത്തുനിന്നും നിരവധി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
നേരത്തെ പാരീസിലെ മിലിട്ടറി പാലൈസ് ദെസ് ഇന്‍വാലിദെസിലായിരുന്നു അമീറിന് ഔപചാരിക വരവേല്‍പ്പ്. കൊട്ടാരത്തിലെത്തിയ അമീറിനെ ഫ്രഞ്ച് സാമ്പത്തിക ധനകാര്യമന്ത്രി ബ്രൂണോ ലിമെറി സ്വീകരിച്ചു. ഖത്തറിന്റെയും ഫ്രാന്‍സിന്റെയും ദേശീയഗാനാലാപനത്തോടെയായിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. ഫ്രഞ്ച് ഗാര്‍ഡ് ഓഫ് ഹോണര്‍ അമീര്‍ പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ മോണ്ട്‌ഡെമാര്‍സനിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അന്നു വൈകുന്നേരത്തോടെയാണ് അമീര്‍ പാരീസിലെത്തിയത്. ഫ്രാന്‍സിലെ ഭരണപക്ഷ പാര്‍ട്ടിയിലെ സെനറ്റര്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വ്യവസായ പ്രമുഖര്‍ക്കുമായി അമീര്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു.
ഖത്തറും ഫ്രാന്‍സും തമ്മില്‍ സൗഹൃദവും സഹകരണവും വിപുലീകരിക്കുന്നതു സംബന്ധിച്ച് ഇരുകൂട്ടരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചു. ഫ്രഞ്ച് സന്ദര്‍ശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച മോണ്ട്‌ഡെമാര്‍സന്‍ എയര്‍ബേസിലെ ഖത്തരി റാഫേല്‍ വ്യോമപരിശീലനകേന്ദ്രം(ഖത്തരി റാഫേല്‍ സ്‌ക്വാഡ്രോ ക്യുആര്‍എസ്) അമീര്‍ സന്ദര്‍ശിച്ചിരുന്നു. ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയുമായി അമീര്‍ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

chandrika: