രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിവാദത്തില്‍. ഗാന്ധിജിയെ ബുദ്ധിമാനായ ‘ബനിയ’ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം.

അമിത് ഷാ സ്വാതന്ത്ര സമരത്തെയും രാഷ്ട്രപിതാവിനെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

‘കോണ്‍ഗ്രസ് പാര്‍ട്ടി ഒരു തത്വശാസ്ത്രത്തിന്റെയോ സിദ്ധാന്തത്തിന്റെയോ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നല്ല. സ്വാതന്ത്യം നേടുകയെന്ന പ്രത്യേക ആവശ്യത്തിന് വേണ്ടിയുള്ള ഒരുപാധിയായിരുന്നു അത്. ഇവിടെയാണ് ഗാന്ധിയുടെ ദീര്‍ഘവീക്ഷണം വ്യക്തമായിരിക്കുന്നത്. അദ്ദേഹം ബുദ്ധിമാനായ ബനിയ ആയിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാലാണ് സ്വാതന്ത്യം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടത്’- അമിത് ഷാ പറഞ്ഞു.

അമിത് ഷാ സ്വാതന്ത്ര്യസമരസേനാനികളെയും മഹാത്മാഗാന്ധിയെയും അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജ്വാല പ്രതികരിച്ചു.