X

അങ്കം ഞായറാഴ്ച; ഇന്ത്യ-പാക് അങ്കത്തിന് കൊഴുപ്പേറുന്നു

ദുബായ്: പാകിസ്താന്‍ മുന്‍ നായകനും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഏഷ്യാ കപ്പ് ക്രിക്കറ്റ് കമന്ററി പാനലിസ്റ്റുമായ വസീം അക്രം തറപ്പിച്ചു പറയുന്നു-ഇന്ത്യയെ വെല്ലുവിളിക്കാമെന്ന ആത്മവിശ്വാസം ഇപ്പോള്‍ ബബര്‍ അസമിന്റെ സംഘത്തിനുണ്ട്. അതിന് അടിസ്ഥാനമായി അദ്ദേഹം വിശേഷിപ്പിക്കുന്നതാവട്ടെ ഈ വര്‍ഷം തുടക്കത്തില്‍ നടന്ന ടി-20 ലോകകപ്പ്.

വിരാത് കോലി നയിച്ച ഇന്ത്യയെ ലോകകപ്പില്‍ പത്ത് വിക്കറ്റിന് പാകിസ്താന്‍ തകര്‍ത്തിരുന്നു. ഈ വിജയം പാക് സംഘത്തെ പ്രചോദിപ്പിച്ചിട്ടുണ്ട്. അവര്‍ സ്വന്തം കരുത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ വിജയത്തില്‍ സ്ഥിരത പ്രകടിപ്പിക്കുന്നു. ഈ മാറ്റം നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടുന്ന ആദ്യ വിജയമായിരുന്നു ഇത്തവണ ടി-20 ലോകകപ്പില്‍. അത് വരെ ഏകദിന ലോകകപ്പിലും ടി-20 ലോകകപ്പിലുമെല്ലാം ഇന്ത്യക്കായിരുന്നു വിജയങ്ങള്‍.

ഈ ഞായറാഴ്ച്ചയാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത്. ഈ പോരാട്ടത്തില്‍ പാകിസ്താന്‍ കരുതിയിരിക്കേണ്ട ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവാണെന്നും അക്രം പറയുന്നു. ഏഷ്യാ കപ്പിന് ശേഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പിലും അയല്‍ക്കാര്‍ മുഖാമുഖം വരുന്നുണ്ട്. പാകിസ്താന്‍ മുന്‍നിര ബാറ്റിംഗ് ശക്തമാണെന്നാണ് അക്രമിന്റെ പക്ഷം. നായകന്‍ ബബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഫഖാര്‍ സമാന്‍ തുടങ്ങിയവര്‍ ക്ലാസ് തെളിയിച്ചവരാണ്. എന്നാല്‍ മധ്യനിരയില്‍ അനുഭവ സമ്പത്ത് കുറവാണ്. ഇഫ്ത്തികാര്‍ അഹമ്മദ്, ഹൈദര്‍ അലി എന്നിവര്‍ കഴിഞ്ഞാല്‍ രാജ്യാന്തര അനുഭവമുളളവര്‍ കുറവാണ്. ബബര്‍ അസമിനെയും വിരാത് കോലിയെയും താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ല.

കോലിയോളം ബബര്‍ എത്തിയിട്ടില്ല. രണ്ട് പേരും സ്വന്തം ടീമുകളുടെ പ്രധാന ബാറ്റര്‍മാരാണെന്നത് സത്യം. താരതമ്യങ്ങള്‍ എക്കാലത്തും ക്രിക്കറ്റിലുണ്ടായിരുന്നു. ഞങ്ങള്‍ കളിക്കുന്ന കാലത്ത് ഇന്‍സമാമുല്‍ഹഖിനെയും രാഹുല്‍ ദ്രാവിഡിനെയും അല്ലെങ്കില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെയുമെല്ലാം താരതമ്യം ചെയ്യാറുണ്ടായിരുന്നു. ജാവേദ് മിയാന്‍ദാദിനെ സുനില്‍ ഗവാസ്‌ക്കറുമായും ഗുണ്ടപ്പ വിശ്വനാഥിനെയും സഹീര്‍ അബ്ബാസുമായുമെല്ലാം താരതമ്യം ചെയ്യാറുണ്ടായിരുന്നു-അക്രം പറഞ്ഞു.

 

web desk 3: