കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ നഗരസഭാ മുന്‍സെക്രട്ടറി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. നഗരസഭാ മുന്‍ സെക്രട്ടറിയായ എം.കെ ഗിരീഷാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സംഭവത്തില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ ആസൂത്രിതശ്രമം നടന്നുവെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇയാള്‍ പറയുന്നത്. നിയമപരമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടൂള്ളൂവെന്നും അതിനാല്‍ അറസ്റ്റ് ഒഴിവാക്കണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

കേസില്‍ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പ്രവാസിയുടെ മരണത്തില്‍ നഗരസഭക്കെതിരെ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സസ്‌പെന്‍ഷനിലായ സെക്രട്ടറി ഹൈക്കോടതിയില്‍ തന്നെ മുന്‍കൂര്‍ ജാമ്യവുമായി എത്തിയിരിക്കുന്നത്.