X

യു.പിയിൽ എസ്.പി-ബി.എസ്.പി സഖ്യം 54 സീറ്റ് നേടുമെന്ന് ആന്ത്രോപോളജി പഠനം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി വൻജയം സ്വന്തമാക്കുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്കിടെ എസ്.പി – ബി.എസ്.പി സഖ്യത്തിന്റെ മുൻതൂക്കം പ്രഖ്യാപിച്ച് നരവംശ ശാസ്ത്രപഠനം. Anthro.ai ശാസ്ത്രീയമായി നടത്തിയ പഠനത്തിലാണ് 80 സീറ്റുകളുള്ള സംസ്ഥാനത്ത് അഖിലേഷ് യാദവ് – മായാവതി സഖ്യത്തിന് 54 സീറ്റുകൾ പ്രവചിച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രാഥമിക താൽപര്യങ്ങളും അവ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ചെലുത്തുന്ന രീതിയും പഠന വിധേയമാക്കിയാണ് ഈ നിഗമനത്തിലെത്തിയതെന്ന് റിപ്പോർട്ട് തയ്യാറാക്കിയ അരുണ ഹാൻഡിക്, സോയ വഹി, റഹീൽ ഖുർഷിദ്, നരേന്ദ്ര നാഗ് എന്നിവർ വ്യക്തമാക്കുന്നു.

സമാജ് വാദി പാർട്ടിയും ബി.എസ്.പിയും രാഷ്ട്രീയ ലോക്ദളും ചേർന്ന സഖ്യം 54 സീറ്റ് നേടുമെന്ന് ആന്ത്രോ പ്രവചിക്കുന്നു. ബി.എസ്.പി 27-ഉം എസ്.പി 22-ഉം സീറ്റുകൾ നേടും. ആർ.എൽ.ഡിക്ക് രണ്ട് സീറ്റുണ്ടാകും.

ബി.ജെ.പിക്ക് 21 സീറ്റുകളാണ് നേടാൻ കഴിയുക. ഇതിൽ ഒൻപത് സീറ്റുകൾ കൂടി വർധിക്കാൻ സാധ്യതയുണ്ട്. കോൺഗ്രസ് നാല് സീറ്റിൽ മാത്രമാവും ജയിക്കുക. പി.എസ്.പി (എൽ) ഒരു സീറ്റിൽ ജയിക്കും.

ബി.ജെ.പിയുടെ വോട്ടുവിഹിതത്തിൽ മൂന്നു മുതൽ ആറ് ശതമാനം വരെ ഇടിവുണ്ടാകും. അതേസമയം, എസ്.പി-ബി.എസ്.പി സഖ്യം രണ്ട് മുതൽ അഞ്ച് ശതമാനം വരെ വോട്ട് വർധിപ്പിക്കും.

കഴിഞ്ഞ ആറു മാസമായി വ്യത്യസ്ത ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് അവരെ ബാധിക്കുന്ന പ്രശ്‌നങ്ങൾ വിലയിരുത്തിയിരുന്നുവെന്നും അവ തെരഞ്ഞെടുപ്പിലുണ്ടാക്കാവുന്ന പ്രതിഫലനങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയാണ് ചെയ്തതെന്നും ആന്ത്രോ വ്യക്തമാക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: