വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞി ഉള്‍പ്പെടെയുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കിയ പാരഡൈസ് പേപ്പേഴ്‌സ് കോര്‍പ്പറേറ്റ് ഭീമന്‍മാരെയും മുട്ടുകുത്തിക്കുന്നു. നികുതി വെട്ടിപ്പു നടത്തിയവരുടെ പട്ടികയില്‍ പ്രമുഖ കമ്പനിയായ ആപ്പിളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതിയില്‍നിന്ന് രക്ഷപ്പെടുന്നതിന്, ഒരു രൂപ പോലും നികുതി പിരിക്കാത്ത ബ്രിട്ടീഷ് ദ്വീപായ ജേഴ്‌സില്‍ അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങുകയായിരുന്നു. ലാഭവിഹിതമായ 128 ശതകോടി ഡോളറാണ് കമ്പനി ഈ സ്ഥാപനങ്ങളിലേക്ക് മാറ്റിയത്. 2013ല്‍ നികുതി വെട്ടിപ്പു നടത്തുന്നില്ലെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിക്ക് വാക്കുകൊടുത്ത കമ്പനിയാണ് ആപ്പിള്‍. എന്നാല്‍ ആരോപണം ആപ്പിള്‍ നിഷേധിച്ചു. ലോകത്തെ ഏറ്റവും വലിയ നികുതിദാതാക്കളാണ് തങ്ങളെന്ന് കമ്പനി അവകാശപ്പെട്ടു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 3500 കോടി ഡോളര്‍ കോര്‍പ്പറേഷന്‍ നികുതിയായി നല്‍കിയിട്ടുണ്ടന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.