ജറൂസലം: പ്രമുഖ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അക്‌ലയെ വെടിവെച്ചു കൊലപ്പെടുത്താന്‍ ഇസ്രാഈല്‍ സേന ഉപയോഗിച്ച വെടിയുണ്ടകള്‍ ഫലസ്തീന്‍ അതോറിറ്റി അമേരിക്കന്‍ ഫോറന്‍സിക് വിദഗ്ധര്‍ വിദഗ്ധ പരിശോധനക്ക് കൈമാറി. ഫലസ്തീന്‍ ജനറല്‍ പ്രോസിക്യൂട്ടര്‍ അക്രം അല്‍ ഖാതിബാണ് ഇക്കാര്യം അറിയിച്ചത്.

അമേരിക്കയില്‍ ആരാണ് വെടിയുണ്ടകള്‍ പരിശോധിക്കുകയെന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ഇസ്രാഈലി വിദഗ്ധരായിരിക്കും പരിശോധന നടത്തുകയെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് പറഞ്ഞു.
എന്നാല്‍ ഇസ്രാഈലികളെ പരിശോധനയില്‍ പങ്കെടുപ്പിക്കില്ലെന്ന് അമേരിക്ക ഉറപ്പു തന്നിട്ടുണ്ടെന്ന് അല്‍ ഖാതിബ് അറിയിച്ചു. വാര്‍ത്തയോട് യു.എസ് ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.എസ് പൗരത്വമുള്ള അക്‌ല കൊല്ലപ്പെട്ടത് ഇസ്രാഈല്‍ വെടിവെപ്പിലാണെന്ന് യു.എന്‍ മനുഷ്യവകാശ ഓഫീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് വെടിയുണ്ടകള്‍ കൈമാറിയത്.