X

അറബി ഭാഷ: സാധ്യതകളുടെ കലവറ

ഡോ. മുസ്തഫ ഫാറൂഖി

യുനെസ്‌കോയുടെ ഔദ്യോഗിക പ്രഖ്യാപനമനുസരിച്ച് ഡിസംബര്‍ പതിനെട്ട് രാജ്യാന്തര അറബി ഭാഷാദിനമാണ്. വിശ്വോത്തര ഭാഷകള്‍ എന്ന നിലയില്‍ അറബിക്കു പുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍, സ്പാനിഷ് ഭാഷകള്‍ക്കാണ് ഐക്യരാഷ്ട്ര സഭയുടെ ബഹുമതിയും അംഗീകാരവുമുള്ളത്.ലോകത്തെ 180 മില്യനോളം വരുന്ന അറബ് ജനതയുടെ ദൈനംദിന വിനിമയ ഭാഷയാണ് അറബിക്. സഊദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, യമന്‍, മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, ലിബിയ മൗരിത്താനിയ, സുഡാന്‍, ജിബൂത്തി, സോമാലിയ, ജോര്‍ദാന്‍, ഫലസ്തീന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയും അറബിയാണ്. ഇതിനുപുറമെ, അറബി എഴുതാനും വായിക്കാനുമറിയുന്ന അമ്പതു കോടിയില്‍പരം ജനങ്ങള്‍ ഇന്ത്യ അടക്കമുള്ള അനറബി നാടുകളിലുണ്ട്.

അറബി ഭാഷയ്ക്ക് കേരളവുമായി നൂറ്റാണ്ടുകളുടെ സാംസ്‌കാരിക വിനിമയ ബന്ധമുണ്ട്. പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡഗാമ 1498ല്‍ കോഴിക്കോട്ടെത്തി സാമൂതിരി രാജാവിനെ സന്ദര്‍ശിച്ചത് പോര്‍ച്ചുഗല്‍ രാജാവ് കൊടുത്തയച്ച അറബിഭാഷയിലുള്ള സന്ദേശവുമായിട്ടായിരുന്നുവെന്നത് ചരിത്രം. അക്കാലത്തെ വാണിജ്യ ഭാഷ അറബി ആയതുകൊണ്ടാണ് ആശയ വിനിമയത്തിന് അറബി തിരഞ്ഞെടുത്തത്. പോര്‍ച്ചുഗീസ് അധിനിവേശക്കാലത്തെ കേരള ചരിത്രത്തെ കുറിച്ച ആധികാരിക ഗ്രന്ഥം സൈനുദ്ദീന്‍ മഖ്ദൂം അറബിയില്‍ രചിച്ച ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ ആണ്. പുരാതന കാലം മുതല്‍ അറബി ഭാഷക്കും സംസ്‌കാരത്തിനും കേരളം നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്.

ഇന്ത്യയില്‍ അറബി ഭാഷാപഠനത്തിനും ഗവേഷണത്തിനും കൂടുതല്‍ വളര്‍ച്ചയും വികാസവുമുള്ളത് കേരളത്തിലാണ്. കേരളത്തിലെ മിക്ക സര്‍വകലാശാലകളിലും അറബിഭാഷാ പഠന വകുപ്പുകളുണ്ട്. എയ്ഡഡ് മേഖലയില്‍ പതിനൊന്ന് അറബിക്കോളജുകള്‍ കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു.ജി.സി അംഗീകാരമുള്ള ഇത്തരം കോളജുകളില്‍ ചിലതിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചുവെന്നത് അഭിമാനകരമാണ്. കേരളത്തിലെ ഏഴായിരത്തോളം സ്‌കൂളുകളിലും, പതിനായിരത്തില്‍പരം മദ്‌റസകളിലും പള്ളിദര്‍സുകളിലും മറ്റു അനൗപചാരിക കേന്ദ്രങ്ങളിലും അറബി ഭാഷാപഠനത്തിന് മികച്ച സൗകര്യങ്ങളുണ്ട്. വിവിധ സംഘടനകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ കലാലയങ്ങള്‍ അറബി ഭാഷാ പ്രചാരണത്തില്‍ കര്‍മനിരതമാണ്. അറബി പഠന ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ വിവിധ സര്‍വകലാശാലകളും കോളജുകളും പുറത്തിറക്കുന്നുണ്ട്.

പ്രാചീന അറബി ഭാഷയും സാഹിത്യവും മാനുഷ ചരിത്രത്തിന് വിലപ്പെട്ട സംഭാവനകളാണ് നല്‍കിയത്. ദര്‍ശനം, ചരിത്രം, ശാസ്ത്രം, കവിത, നോവല്‍, നാടകം, സിനിമ തുടങ്ങിയ രംഗങ്ങളില്‍ അറബി അനര്‍ഘങ്ങളായ നേട്ടങ്ങള്‍ പ്രദാനം ചെയ്തു. ഇമാം ഗസ്സാലി, ഇബ്‌നു ഹസം, ഇമാം ശാഫി തുടങ്ങിയ പണ്ഡിത പ്രതിഭകളും വൈദ്യശാസ്ത്രത്തില്‍ അത്ഭുതം സൃഷ്ടിച്ച ഇബ്‌നു സീന, സ്വതന്ത്ര തത്വചിന്തകനായ ഇബ്‌നു റുശ്ദ്, ഗണിത ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഖുവാറസ്മി, രസതന്ത്രജ്ഞനായ റാസി, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഇബ്‌നു ഖല്‍ദൂന്‍, സഞ്ചാര സാഹിത്യകാരന്‍ ഇബ്‌നു ബത്തൂത്ത, കവിയും ശാസ്ത്രജ്ഞനുമായ ഉമര്‍ഖയ്യാം എന്നിവരെല്ലാം അറബി ഭാഷയെ അനശ്വരമാക്കിയ പൂര്‍വകാല പ്രതിഭകളാണ്.

കവിതാ വിജ്ഞാനശാഖയില്‍ വിസ്മയം തീര്‍ത്തവരാണ് ഇബ്‌നുറൂമി (ഹി. 221), അബൂതമാം(232), ബുഹ്തുരി(248), മുതനബ്ബി(303), അബുല്‍ അലാഉല്‍ മഅരി(365), ബൂസീരി(1213) തുടങ്ങിയവര്‍. കവികളുടെ രാജാവ് എന്നപേരില്‍ വിഖ്യാതനായ അഹ്മദ് ശൗഖി, നൈലിന്റെ കവി ഹാഫിള് ഇബ്‌റാഹിം, ബാറൂദി എന്നിവര്‍ ആധുനിക അറബി കവിത്രയങ്ങളാണ്. വിഖ്യാത നോവലിസ്റ്റ് അബ്ബാസ് മഹ്മൂദ് അഖാദ്(1964), പുരോഗമന ചിന്തകനായ അഹ്മദ് അമീന്‍(1954), നാടക കൃത്ത് തൗഫീഖുല്‍ ഹകീം(1987), ചെറുകഥാ സാഹിത്യത്തിലെ സര്‍ഗ പ്രതിഭ മഹ്മൂദ് തൈമുര്‍(1968), നോവല്‍ സാഹിത്യത്തിലെ വിസ്മയമായ ത്വാഹാ ഹുസൈന്‍, സാമൂഹിക വിമര്‍ശകനായ എഴുത്തുകാരന്‍ മുസ്തഫ ലുത്ഫില്‍ മന്‍ഫലുത്വി, നോബല്‍ സമ്മാന ജേതാവ് നജീബ് മഹ്ഫൂസ്(2006), ബിന്‍തുശാത്വി എന്ന പേരില്‍ പ്രസിദ്ധയായ ആയിശ അബ്ദുറഹ്മാന്‍ (1999) എന്നിവരുടെ സാഹിത്യ സംഭാവനകള്‍ ശ്രദ്ധേയമാണ്.

മധ്യപൗരസ്ത്യ ദേശങ്ങളിലുണ്ടായ പുതിയതൊഴില്‍ സാധ്യതകള്‍ അറബിഭാഷയുടെ വളര്‍ച്ചയിലും വികാസത്തിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഗള്‍ഫുനാടുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോളിയം കമ്പനികള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, വിവരസാങ്കേതിക കേന്ദ്രങ്ങള്‍, ടൂറിസം, കായിക വിനോദ രംഗങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അറബി ഭാഷയുടെ പ്രചാരം അനുദിനം വര്‍ധിച്ചുവരികയാണ്. തൊഴില്‍ രംഗത്തെ ഈ അനന്തസാധ്യതകള്‍ ഉള്‍കൊണ്ട് പാശ്ചാത്യ നാടുകളിലെ സര്‍വകലാശാലകളില്‍ അറബി കോഴ്‌സുകള്‍ പഠിപ്പിച്ചുവരികയാണ്.കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട അറബിക് സര്‍വകലാശാലയുടെ പ്രസക്തി ഈ സാഹചര്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വൈജ്ഞാനിക, സാഹിത്യ, വാണിജ്യ വിനിമയങ്ങള്‍ക്ക് സഹായകരമാകുന്ന അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാകണമെന്നതാണ് ഭാഷാ സ്‌നേഹികളുടെ ആഗ്രഹം. ഉത്തരവാദപ്പെട്ട കേന്ദ്രങ്ങള്‍ അറബി ഭാഷയുടെ സ്വീകാര്യതക്ക് കരുത്തേകുന്ന തീരുമാനങ്ങളിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

(ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബിക്കോളജ് മുന്‍ പ്രിന്‍സിപ്പലാണ് ലേഖകന്‍)

 

 

 

 

 

web desk 3: