X

മറ്റൊരു പ്രമുഖ താരത്തിനും പരിക്ക്: അര്‍ജന്റീനക്ക് കനത്ത തിരിച്ചടി

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കളിക്കാരുടെ പരിക്ക് അര്‍ജന്റീനക്ക് തലവേദയാവുന്നു. നേരത്തെ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായ സെര്‍ജിയോ റൊമേറോയും ഇംഗ്ലീഷ് ക്ലബ് വെസ്റ്റാം യുണൈറ്റഡിന്റെ മധ്യനിര താരമായ മാനുവല്‍ ലാന്‍സിനിയും പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിരുന്നു. ഇരു താരങ്ങളെയും നഷ്ടമായ ടീമിന് മറ്റൊരു പ്രമുഖ താരത്തിന്റെയും സേവനം റഷ്യയില്‍ ലഭിക്കില്ലയെന്നാണ് പുറത്തു വരുന്ന പുതിയ വാര്‍ത്തകള്‍.

സ്പാനിഷ് ക്ലബ് സെവിയ്യയുടെ എവര്‍ ബനേഗയാണ് ഒടുവില്‍ പരിക്കിന്റെ പിടിയിലായ താരം. റഷ്യയില്‍ അര്‍ജന്റീനയുടെ മധ്യനിരയിലെ പ്രധാന പോരാളിയായിട്ടായിരുന്നു പരിശീലകന്‍ ജോര്‍ജ് സാംപോളി ബനേഗയെ കണ്ടിരുന്നത്. പരിശീലനത്തിനിടെ പരിക്കേറ്റ ബനേഗ രണ്ടു പരിശീലന സെഷനുകളില്‍ നിന്നു വിട്ടുനിന്നാതായി ടീം ഡോക്ടര്‍ ഡെസിയോ അറിയിച്ചു. താരത്തിന്റെ പരിക്ക് നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹത്തിന് ലോകകപ്പില്‍ കളിക്കാനാകുമെന്നും ഡെസിയോ പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം പരിക്കിനെ തുടര്‍ന്ന് അവസാന സന്നാഹ മത്സരങ്ങള്‍ നഷ്ടമായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം സെര്‍ജിയോ അഗ്യൂറോ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്നും ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ അഗ്യൂറോക്ക് കളിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കിരീടം ഏതുവിധേനയും നേടാനുറച്ചാണ് മുന്‍ലോകഫുട്‌ബോളര്‍ ലയണല്‍ മെസ്സിയുടെ കീഴില്‍ അര്‍ജന്റീന റഷ്യയിലേക്ക് വണ്ടി കയറുന്നത്. ക്ലബ് തലത്തില്‍ ബാര്‍സലോണക്കൊപ്പം നിരവധി കിരീട വിജയങ്ങളില്‍ പങ്കാളിയാകുമ്പോഴും ദേശീയ ജേഴ്‌സിയില്‍ ആദ്യട്രോഫിയെന്ന മെസ്സിയുടെ കാത്തിരിപ്പിന് റഷ്യയില്‍ അവസാനമാകുമെന്ന പ്രതീക്ഷയിലാണ് ലോകം എമ്പാടുമുള്ള മെസ്സി ആരാധകരും. എന്നാല്‍ പ്രമുഖ കളിക്കാര്‍ ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്താവുന്നത് ഈ പ്രതീക്ഷകള്‍ക്ക് കരിനിഴല്‍ വീഴ്ത്തുകയാണ്.

ജൂണ്‍ 14 ന് ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് റഷ്യന്‍ ലോകകപ്പിന് കിക്കോഫ്. ഗ്രൂപ്പ് ഡിയില്‍ പതിനാറാം തിയതി ഐസ്‌ലന്‍ഡിനെതിരെയാണ് മുന്‍ ജേതാക്കളായ അര്‍ജന്റീനയുടെ ആദ്യപോരാട്ടം. ക്രയേഷ്യയും നൈജീരിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

chandrika: