യെറവാന്‍: സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമാകുമെന്ന് പ്രഖ്യാപിച്ച് അര്‍മീനിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ അന്ന ഹാകൂബ്‌യാന്‍. ഇതിനായി സൈനിക പരിശീലനം ആരംഭിച്ചതായും അവര്‍ വെളിപ്പെടുത്തി. മകന്‍ അശോത് പഷിന്‍യാന്‍ നിര്‍ബന്ധിത സൈനിക സേവനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അന്നയുടെ പ്രഖ്യാപനം.

‘നാളെ മുതല്‍ ഞാനടങ്ങുന്ന 13 പേര്‍ പരിശീലനം ആരംഭിക്കുകയാണ്. കുറച്ചുദിവസത്തിന് അകം ഞങ്ങള്‍ മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ അതിര്‍ത്തിയിലേക്ക് പോകും’ – നാല്‍പ്പത്തിരണ്ടുകാരിയായ അന്ന ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അര്‍മീനിയയ്ക്കും അസര്‍ബൈജാനുമിടയില്‍ ആഴ്ചകളായി നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കുമെന്നാണ് അന്നയുടെ പ്രഖ്യാപനം. നഗര്‍ണോ-കരാബാഖ് പ്രദേശത്തെ ചൊല്ലിയാണ് ഇരുരാഷ്ട്രങ്ങളും കൊമ്പു കോര്‍ക്കുന്നത്. സംഘര്‍ഷം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ തന്നെ ആയിരക്കണക്കിന് പേര്‍ സംഘര്‍ഷത്തില്‍ മരിച്ചു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.