ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലുള്ള ഡല്‍ഹി പബ്ലിക് സ്‌കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. 16 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സ്‌കൂളിലുണ്ടായിരുന്ന രണ്ട് ഭീകരരെയും സൈന്യം വധിച്ചത്. പത്ത ചൗക്കില്‍ സി.ആര്‍.പി.എഫ് വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിനു ശേഷം ഭീകരര്‍ സ്‌കൂള്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. തിരക്കേറിയ വ്യാപാര കേന്ദ്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍നാനൂറിലധികം മുറികളുണ്ട്. ആറു നിലകളുളള ഈ കെട്ടിടത്തില്‍ നടന്ന ഏറ്റുമുട്ടല്‍ സുക്ഷാ സൈനികരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഭീകരര്‍ സ്‌കൂള്‍ കെട്ടിടത്തിലേക്ക് കയറുന്നതിന് മുമ്പു തന്നെ വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം സ്‌കൂള്‍ വിട്ട് പോയിരുന്നു. ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ശനിയാഴ്ച വൈകീട്ട് ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ ഭീകരര്‍ അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെടുകയും രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.