X

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്; പ്രതിപക്ഷ യുവജന സംഘടനകളോടുള്ള പിണറായിയുടെ യുദ്ധപ്രഖ്യാപനം – പി.കെ ഫിറോസ്

കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും യു.ഡി.വൈ.എഫ് സംസ്ഥാന ചെയര്‍മാനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷ യുവജന സംഘടനകളോടുള്ള പിണറായിയുടെ യുദ്ധപ്രഖ്യാപനമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിഷയത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാട് നീളെ പരസ്യം ചെയ്ത് കോടികള്‍ മുടക്കി നടത്തിയ നവകേരള സദസ്സിനെ കേരള ജനത തിരസ്‌കരിച്ചതിന്റെ കലിപ്പ് തീര്‍ക്കുകയാണ് മുഖ്യമന്ത്രി.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന മോദിയെ രാഷ്ട്രീയ ഗുരുവാക്കിയ പിണറായി ഇപ്പോള്‍ ആശാനെ കടത്തിവെട്ടുന്ന പ്രിയ ശിഷ്യനായി മാറിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത് പ്രതിപക്ഷ യുവജന സംഘടനകളുടെ പോരാട്ട വീര്യം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിനെതിരെ നാളെ ചേരുന്ന യു.ഡി.വൈ.എഫ് യോഗം ശക്തമായ സമരത്തിന് രൂപം നല്‍കും.

കാപ്പ ചുമത്തി ജയിലിലടക്കേണ്ട നേതാവാണ് ഇപ്പോള്‍ എസ്.എഫ്.ഐ യെ നയിക്കുന്നത്. കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐക്കാരന് രക്ഷപ്പെടാന്‍ സൗകര്യം നല്‍കിയ പൊലീസാണ് നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്തതും. നവകേരള സദസ്സിനെ പ്രതിഷേധിച്ചവരെ തല്ലിച്ചതച്ച ഡി.വൈ.എഫ്.ഐ ക്കാര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യമന്ത്രിയുടെ കീഴില്‍ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള വേട്ടയാടലിനെ ശക്തമായി നേരിടുമെന്നും പി.കെ ഫിറോസ് വ്യക്തമാക്കി.

 

webdesk13: