X

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ മുങ്ങി; വീടുകള്‍ അടച്ചിട്ട നിലയില്‍

ബില്‍ക്കീസ് ബാനു കേസിലെ പ്രതികള്‍ താമസിച്ചിരുന്ന വീടുകള്‍ ഒഴിഞ്ഞ നിലയില്‍. പതിനൊന്ന് പ്രതികളില്‍ 9 പേരും താമസിച്ചിരുന്ന രന്ധിക്പൂര്‍, സിങ്വാദ് ഗ്രാമങ്ങളിലെ വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നാണ് വിവരം. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ തള്ളിയ സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്ത് വന്നതിനെത്തുടര്‍ന്ന് മാധ്യമങ്ങള്‍ ഈ ഗ്രാമത്തിലെത്തിയെങ്കിലും പ്രതികളെ കാണാന്‍ സാധിച്ചില്ല. ഇവര്‍ എവിടെയാണെന്ന് കുടുംബാംഗങ്ങളോട് ചോദിച്ചെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഈ 2 ഗ്രാമങ്ങളും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രതികളെ വെറുതെവിട്ടുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 നാണ് പ്രതികള്‍ പുറത്തിറങ്ങുന്നത്.

പ്രതികളിലൊരാളായ ഗോവിന്ദ് നായ് നിരപാരാധിയാണെന്നും ഒരാഴ്ച മുന്‍പ് ഗോവിന്ദ് വീട്ടില്‍നിന്ന് പോയെന്നും അച്ഛന്‍ അഖംഭായ് ചതുര്‍ഭായ് റാവല്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വ്യക്തമാക്കുന്നതനുസരിച്ച് ജനുവരി ആറിന് ഗോവിന്ദ് വീടുവിട്ട് പോയിട്ടുണ്ട്. ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന കുടുംബമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കുടുംബം പൊലീസിനെ അറിയിച്ചതായി ഉദ്യോഗസ്ഥര്‍ പറയുന്നു. അഖംഭായ് ചതുര്‍ഭായ് റാവലിന്റെ മകന്‍ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരനും കേസില്‍ കുറ്റവാളിയാണ്.

‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ഗോവിന്ദ് രാമനെ സേവിക്കണമെന്നാണ് പ്രാര്‍ഥന. അലഞ്ഞു തിരിയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് ഈശ്വര സേവയാണ്. നിയമം വഴിയാണ് അയാള്‍ പുറത്തിറങ്ങിയത് നിയമം പറഞ്ഞാല്‍ തിരിച്ചു പോകും’ അച്ഛന്‍ അഖംഭായ് ചതുര്‍ഭായ് റാവല്‍ പറയുന്നു. ഇവര്‍ താമസിച്ചിരുന്നതിനടുത്തായിരുന്നു ബില്‍ക്കീസ് ബാനുവും താമസിച്ചിരുന്നത്. ഗോധ്രയിലെ ട്രെയിന്‍ തീവെപ്പ് കഴിഞ്ഞയുടനെ 2002 ഫെബ്രുവരി 28 നാണ് രന്ധിക്പൂരില്‍ നിന്ന് ബില്‍ക്കീസ് ബാനുവും കുടുംബവും പോകുന്നത്. മാര്‍ച്ച് മൂന്നിന് ദാഹോഡിലെ ലിംഖേദ താലൂക്കിലാണ് അവര്‍ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. അവരുടെ 3 വയസുള്ള മകളുള്‍പ്പെടെ 14 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 6 പേരുടെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചില്ല

2008 ജനുവരി 21നാണ് പ്രതികളായ പതിനൊന്ന് പേരെയും ജീവപര്യന്തം തടവിന് സിബിഐ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതികളിലൊരാളായ ഗോവിന്ദിന്റെ വീട് പുറത്തുനിന്ന് അടച്ച നിലയിലാണ് ഇപ്പോഴുള്ളത്. വീടിനു പുറത്ത് സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസ് കോണ്‍സ്റ്റബിളിനെയും കാണാം. മറ്റൊരു കുറ്റവാളിയായ രാധേശ്യാം ഷാ കഴിഞ്ഞ 15 മാസങ്ങളായി വീട്ടിലില്ലെന്നാണ് അച്ഛന്‍ ഭഗവാന്‍ദാസ് ഷാ സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ചവരെ രാധേശ്യാമുള്‍പ്പെടെ എല്ലാപ്രതികളെയും ആ പരിസരത്ത് കണ്ടിരുന്നു എന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അച്ഛന്‍ ഭഗവാന്‍ദാസ് രാധേശ്യാം എവിടെയാണെന്നറിയില്ലെന്നാണ് പറയുന്നത്. ഭാര്യയെയും മകനെയും കൂട്ടിയാണ് രാധേശ്യാം പോയത്. പരിസര പ്രദേശത്തെ ഭൂരിഭാഗം കച്ചവടക്കാരും വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായില്ല.

അടഞ്ഞു കിടക്കുന്ന എല്ലാ വീടുകള്‍ക്കും മുന്നില്‍ സുരക്ഷയ്ക്കായി ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉണ്ട്. കോടതിവിധിക്കു ശേഷം സംഘര്‍ഷാവസ്ഥ പരിഗണിച്ചുള്ള മുന്‍കരുതലിന്റെ ഭാഗമാണിതെന്നാണ് രന്ധിക്പൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ വിശദീകരിക്കുന്നത്. മാധ്യമങ്ങള്‍ വരുമെന്ന് കരുതിയാണ് ഈ ദിവസം പ്രതികള്‍ മുഴുവന്‍ വീടുകള്‍ പൂട്ടി രക്ഷപ്പെട്ടതെന്നാണ് ഗോവിന്ദ് നായ് യുടെ അച്ഛന്‍ അഖംഭായ് പറയുന്നത്. കീഴടങ്ങാതെ അവര്‍ ഒളിവില്‍ പോകുമെന്ന് താന്‍ കരുതുന്നില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ പരോള്‍ ലഭിച്ച സമയത്തൊന്നും അവര്‍ അത്തരത്തില്‍ ഒരു ശ്രമവും നടത്തിയിട്ടുമില്ല- അഖംഭായ് പറയുന്നു. രാജുഭായ് സോണി, കേശാര്‍ഭായ് വോഹാനിയ, ബക്കഭായ് വൊഹാനിയ, ബിപിന്‍ചന്ദ്ര ജോഷി, എന്നിവര്‍ ഇപ്പോള്‍ വഡോദരയ്ക്കു പുറത്തതാണെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

 

webdesk13: