ന്യൂഡല്‍ഹി: സ്ത്രീപീഡനങ്ങള്‍ക്കെതിരെ ലഭിച്ച കത്തുകളുമായി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെ സുരക്ഷാ സംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ജനുവരിയില്‍ സ്ത്രീപീഡനങ്ങള്‍ തടയുന്നതിനായി വനിതാ കമ്മീഷന്‍ അധ്യക്ഷ റേപ്പ് റോക്കോ മൂവ്‌മെന്റ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയിരുന്നു. ഓരോ ദിവസവും സംഘടനക്ക് ഒട്ടേറെ കത്തുകളാണ് ലഭിക്കുന്നത്. ഇത്തരത്തില്‍ ലഭിച്ച 10,000 കത്തുകളുമായാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയത്. രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയാണ് ലക്ഷ്യമെന്ന് അധ്യക്ഷ വ്യക്തമാക്കി. ഇതിനായി എത്തിയതായിരുന്നു ഇവിടെ അവര്‍ പറഞ്ഞു. എന്നാല്‍, വിജയ് ചൗക്കില്‍ വെച്ച് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.