X

അയോധ്യയും പരിവാര്‍ രാഷ്ട്രീയവും

 

എ.വി ഫിര്‍ദൗസ്

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ നരേന്ദ്രമോദിയും അമിത്ഷായും സംഘ്പരിവാര്‍ നേതൃത്വവും അതീവ ഭയാശങ്കകളോടെയാണ് നോക്കിക്കാണുന്നത്. മോദി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ഇന്ത്യന്‍ പൊതു മണ്ഡലത്തിലുണ്ടാക്കിയ വലിയ അസംതൃപ്തിയും നിരാശയുമെല്ലാം തിരിച്ചറിയുന്നു എന്നതാണ് സംഘ്പരിവാര രാഷ്ട്രീയ നേതൃത്വത്തിന്റെ ഭീതിക്കും ഭയാശങ്കകള്‍ക്കും കാരണം. വികസനത്തിനും നവനിര്‍മ്മാണങ്ങള്‍ക്കും പുതിയൊരിന്ത്യയെ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ നരേന്ദ്രമോദി ഭരണകൂടത്തിന് വാഗ്ദാനങ്ങളില്‍ അര ശതമാനം പോലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ സാധിക്കുകയുണ്ടായില്ല എന്നത് സംഘ്പരിവാര്‍ നേതൃത്വം സ്വയം തിരിച്ചറിയുന്നുണ്ട്. അധികാരത്തില്‍ വന്നാല്‍ ഇന്ത്യക്കാരുടെ വിദേശത്തുള്ള അനധികൃത നിക്ഷേപങ്ങള്‍ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിക്കുകയും ഓരോ ഇന്ത്യക്കാരന്റെയും എക്കൗണ്ടില്‍ ഈ പണത്തില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുകയും ചെയ്യുമെന്ന് മോദി തെരഞ്ഞെടുപ്പു കാലത്ത് നല്‍കിയ വാഗ്ദാനം എവിടെയെത്തി എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത് അടുത്ത നാളുകളിലായിരുന്നു. മോദിയുടെ അന്നത്തെ ആ വാഗ്ദാനത്തില്‍ അന്ധമായി വിശ്വസിച്ച് ഇന്ത്യയില്‍ പുതുതായി ആരും ബാങ്ക് എക്കൗണ്ട് തുറക്കുകയും പതിനഞ്ച് ലക്ഷം എക്കൗണ്ടില്‍ വന്നുചേരുന്ന നാള്‍ കാത്തിരിക്കുകയുമൊന്നും ചെയ്തിട്ടില്ലെങ്കില്‍പോലും കടുത്ത വഞ്ചനയായി മാറിയ ആ വാഗ്ദാനത്തെക്കുറിച്ചുള്ള പരിഹാസംകലര്‍ന്ന ചോദ്യങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും മനസ്സിലുണ്ട്. പഴയ നോട്ടുകള്‍ പിന്‍വലിച്ചതിന് തൊട്ടുടനെ രാജസ്ഥാനിലെ ഒരു ഗ്രാമീണ കര്‍ഷകന്‍ ചോദിച്ചത് ‘മോദിജി വാഗ്ദാനം ചെയ്ത ആ പതിനഞ്ച് ലക്ഷം ഇനി പുതിയ നോട്ടുകളായിരിക്കും അല്ലേ?’ എന്നായിരുന്നു. നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍കൊണ്ട് ഒരു ജനതയും രാഷ്ട്രവും ക്രൂരമായി വഞ്ചിക്കപ്പെട്ടു എന്നതിനുപുറമെ അസ്ഥാനങ്ങളിലും അകാലങ്ങളിലുമുള്ള തുഗ്ലക്കിയന്‍ പരിഷ്‌കരണങ്ങള്‍വഴി വലിയ ദുരന്തങ്ങള്‍ ജനതക്കുമേല്‍ വന്നുവീഴുകയും ചെയ്തു. ഇത്തരം ദുരനുഭവങ്ങളില്‍നിന്ന് പാഠം പഠിച്ചു കഴിഞ്ഞ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ മോദി സര്‍ക്കാറിന്റെ സ്ഥാനം നാടോടിക്കഥകളിലെ നിഷ്‌കളങ്കനായ തമാശക്കാരന്റേതു മാത്രമാണ്. ആ തമാശക്കാരന്‍ ഗൗരവഭാവത്തില്‍ വലിയ വലിയ നുണകള്‍ അവതരിപ്പിക്കുകയും ജനങ്ങളില്‍ അര്‍ത്ഥഗര്‍ഭമായ നിശബ്ദതയെ സ്വന്തം വിജയവും വിശ്വാസ്യതയുമായി തെറ്റിദ്ധരിക്കുകയും എന്നാല്‍ മാറിനിന്ന് ജനങ്ങളുടെ ഭാവി പ്രതികരണങ്ങളെക്കുറിച്ച് ഭയപ്പാടോടെ ചിന്തിക്കുകയും ചെയ്യുന്നു.
ഇത്തരത്തില്‍ ആശങ്കകളില്‍ അകപ്പെട്ട സംഘ്പരിവാര ഭരണവര്‍ഗ നേതൃത്വം വരാന്‍പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക്മുന്നില്‍ വെക്കാനുള്ള അജണ്ടയായി ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് രാമക്ഷേത്ര നിര്‍മ്മണവാദം ഒന്നുമാത്രമാണ്. വികസനത്തെയും ജനക്ഷേമത്തെയും കുറിച്ചൊന്നും അവര്‍ക്കിനി ഒന്നും പറയാനില്ല എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു. ഇന്ത്യയിലെ ഹൈന്ദവ പൊതു മണ്ഡലത്തില്‍ നിത്യ സജീവതയുള്ള ഒരു രാഷ്ട്രീയ തുരുപ്പുചീട്ടാണ് രാമക്ഷേത്രമെന്ന് സംഘ്പരിവാര്‍ നേതൃത്വം കരുതുന്നുണ്ട്. കഴിഞ്ഞ നാലു നാലര വര്‍ഷക്കാലം രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ഒന്നും പറയാതിരുന്നവര്‍ ഇപ്പോള്‍ അതേക്കുറിച്ച് ശബ്ദിച്ച് തുടങ്ങുന്നതിനര്‍ത്ഥം മേല്‍പറഞ്ഞ കരുതലും വിചാരഗതിയും അവരെ നയിക്കുന്നുണ്ട് എന്നു തന്നെയാണ്. സുപ്രീകോടതി വിധിക്ക് കാത്തിരിക്കാതെ ക്ഷേത്ര നിര്‍മ്മാണവുമായി മുന്നോട്ട്‌പോകുമെന്നും മോദി ഭരണം തീരുംമുമ്പു തന്നെ അയോധ്യയില്‍ മൂന്ന് നിലകളുള്ള ക്ഷേത്രം നിര്‍മ്മിക്കുമെന്നുമെല്ലാം വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍. എസ്.എസിന്റെയും നേതാക്കള്‍ ഇപ്പോള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കയാണ്. വി.എച്ച്.പി നേതാക്കളായ ചമ്പത്ത്‌റായിയും ബിശ്വേശ്വര്‍ കുമാറുമെല്ലാം ഇക്കഴിഞ്ഞ മാസം പലപ്പോഴായി നടത്തിയ പ്രസ്താവനകളില്‍ അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണം തകൃതിയായി മുന്നോട്ട് പോകുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. പുതുതായി നിരവധി ലോഡ് കല്ലും സിമന്റും നിര്‍മ്മാണ സാമഗ്രികളുമെല്ലാം അയോധ്യയിലേക്ക് ഇത്തരത്തില്‍ നിര്‍മ്മാണ വസ്തുക്കള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടെന്നും വി.എച്ച്.പി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രദേശവാസികളും സമീപ നാട്ടുകാരും കേസിലെ കക്ഷികളുമായി ബന്ധപ്പെട്ടവരുമെല്ലാം പറയുന്നത് മോദി അധികാരത്തില്‍ വന്നശേഷം അയോധ്യയില്‍ ഏതാനും വര്‍ഷങ്ങളായി ആളനക്കമില്ലായിരുന്നെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അവിടെ വീണ്ടും ആളനക്കങ്ങള്‍ തുടങ്ങി എന്നുമാണ്. ‘അയോധ്യയില്‍ നിന്ന് ഒച്ചയും പൊടിപടലങ്ങളും ഉയരാന്‍ തുടങ്ങിയാല്‍ തെരഞ്ഞെടുപ്പ് അടുക്കാറായെന്നറിയാം’ എന്ന് ഒരു തമാശതന്നെ ഇതിനകം ഉത്തര്‍പ്രദേശില്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ സംഘ്പരിവാറിന് ഒരു ആത്മാര്‍ത്ഥതയുമില്ലെന്ന് നന്നായറിയാവുന്ന സ്വന്തം അണികള്‍തന്നെ ഇപ്പോള്‍ ഇത്തരം തമാശകളിലെ പ്രചാരകരുമാണ്. വിശ്വഹിന്ദു പരിഷത്തില്‍നിന്ന് പുറത്തുപോയ ഉത്തര്‍പ്രദേശിലെ തീവ്ര വര്‍ഗീയവാദികളായ ചില പ്രവീണ്‍ഭായ് തൊഗാഡിയ ഭക്തര്‍ പറയുന്നത് സംഘ്പരിവാറിന് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ പത്ത് വര്‍ഷം മുമ്പുതന്നെ അവിടെ ക്ഷേത്രം ഉയരുമായിരുന്നുവെന്നാണ്.
വിശ്വഹിന്ദു പരിഷത്തിന് ബദലായി പ്രവീണ്‍ഭായ് തൊഗാഡിയ രൂപം നല്‍കിയ അന്തര്‍ദേശീയ ഹിന്ദു പരിഷത്ത് വര്‍ഗീയവാദികള്‍ക്കിടയില്‍ ഇതിനകം വലിയ വളര്‍ച്ചയും സ്വാധീനവും നേടിയെടുത്തിട്ടുണ്ട്. ആര്‍.എസ്.എസ് ബി.ജെ.പിക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നെന്നും ഹിന്ദുത്വ അജണ്ടകളില്‍നിന്ന് സംഘ്പരിവാര്‍ അര്‍ത്ഥഗര്‍ഭമായ പിന്‍മാറ്റം നടത്തിയിരിക്കയാണെന്നുമുള്ള എ. എച്ച്.പിയുടെ ആരോപണങ്ങള്‍ക്ക് വ്യാപകമായ പിന്തുണ കിട്ടിക്കൊണ്ടിരിക്കുന്നത് സംഘ്പരിവാറിനെ അസ്വസ്ഥമാക്കുന്നു. തൊഗാഡിയയെയും സംഘത്തെയും അത്രവേഗത്തില്‍ തള്ളിക്കളയാനോ തേച്ചുമായ്ച്ചുകളയാനോ പരിവാര്‍ നേതൃത്വത്തിന് സാധിക്കില്ല. കാരണം രാമക്ഷേത്ര നിര്‍മ്മാണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1992ന് ശേഷം വിശ്വഹിന്ദു പരിഷത്ത് രംഗത്തിറക്കിയ സമര-പ്രക്ഷോഭമുറകളില്‍ പലതിന്റെയും ആസൂത്രകരും ബുദ്ധി കേന്ദ്രങ്ങളും അശോക് സിംഗാളും തൊഗാഡിയയും ഉള്‍പ്പെട്ട് ഒരു വിഭാഗമായിരുന്നു. അശോക് സിംഗാളിന്റെ വിയോഗം തൊഗാഡിയയെ സാരമായി ബാധിക്കുകയുണ്ടായി. വിശ്വഹിന്ദു പരിഷത്തിനകത്തും സംഘ്പരിവാര്‍ ഘടകങ്ങളില്‍ മൊത്തത്തിലും മോദിക്കനുകൂലമായി ചിന്തിക്കുന്നവര്‍ നേടിയ മേല്‍ക്കോയ്മ തൊഗാഡിയയെ പുറത്തേക്കെത്തിക്കുകയും ചെയ്തു. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നടത്തുന്ന കള്ളക്കളികളുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന തൊഗാഡിയയെ കരുതിയിരിക്കാന്‍ സംഘ്പരിവാര്‍ നിര്‍ബന്ധിതരാണ്. ക്ഷേത്ര നിര്‍മ്മാണത്തിന് സ്വന്തം രീതിയില്‍ ശ്രമങ്ങള്‍ ആരംഭിക്കാന്‍ തൊഗാഡിയയും സംഘവും നീക്കം നടത്തുകയും ചെയ്യുന്നുണ്ട്. അയോധ്യയിലേക്കും നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന പ്രത്യേക സ്ഥലങ്ങളിലേക്കും അതിക്രമിച്ചു കടന്നുചെന്ന് സാധനസാമഗ്രികള്‍ പിടിച്ചടക്കി നിര്‍മ്മാണം ആരംഭിക്കാനായി പ്രത്യേക പരിശീലനം നല്‍കി ആളുകളെ രംഗത്തിറക്കുന്നതിനെ കുറിച്ചുപോലും തൊഗാഡിയയുടെ നേതൃത്വത്തിലുള്ള പുതിയ വര്‍ഗീയ തീവ്രവാദ സംഘടന പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അവര്‍ അവരുടെ പദ്ധതികളുമായി മുന്നോട്ടുപോകുകയും അയോധ്യയില്‍ സംഘ്പരിവാറിനുള്ള ആധിപത്യത്തിന് ചെറുതെങ്കിലുമായ പോറലേല്‍പ്പിക്കാന്‍ സാധിക്കുമാറ് ഒരിടപെടല്‍ നടത്താന്‍ എ. എച്ച്.പിക്ക് സാധിക്കുകയും ചെയ്താല്‍ തകര്‍ന്നുവീഴുക സംഘ്പരിവാര്‍ കെട്ടിപ്പൊക്കിയ ആത്മവിശ്വാസത്തിന്റെ ഭിത്തികളായിരിക്കും. ഈ ഭയത്തിന്റെ കൂടി സമ്മര്‍ദ്ദവും സ്വാധീനവും രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ നേതാക്കള്‍ സമീപ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നിലുണ്ടെന്നത് വസ്തുത മാത്രമാണ്. എന്നാല്‍ സംഘ്പരിവാറിന് എതിരായി സ്വന്തമായി ഒരു ഹൈന്ദവ തീവ്രവാദ രാഷ്ട്രീയം വികസിപ്പിക്കുക എന്നതാണ് തൊഗാഡിയ ലക്ഷ്യമാക്കുന്നത്.
തെരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തില്‍ രാമക്ഷേത്ര നിര്‍മ്മാണവാദവുമായി രംഗത്ത് വരുന്നതിനെക്കുറിച്ചുള്ള സംശയങ്ങള്‍ പ്രവീണ്‍ തൊഗാഡിയക്കും സംഘത്തിനും ബാധകമല്ലേ എന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കുന്നുണ്ട്. ഞങ്ങള്‍ അധികാരത്തിന്റെ പക്ഷത്തോ അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ പക്ഷത്തോ അല്ലെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുക എന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും ഇന്ത്യയിലെ ശ്രീരാമഭക്തര്‍ക്ക് മുന്നില്‍ വളരെ മുമ്പുതന്നെ വെച്ചിട്ടുള്ള ക്ഷേത്ര നിര്‍മ്മാണ വാഗ്ദാനം പാലിക്കപ്പെടണമെന്ന ആത്മാര്‍ത്ഥത മാത്രമാണ് ഞങ്ങള്‍ക്കുള്ളതെന്നും വ്യക്തമാക്കുന്ന എ.എച്ച്.പി നേതാക്കള്‍, തെരഞ്ഞെടുപ്പിനോട് അടുത്ത സമയം ക്ഷേത്ര നിര്‍മ്മാണവാദം ശക്തിപ്പെടുത്താന്‍ തെരഞ്ഞെടുത്തതിനെക്കുറിച്ച് നല്‍കുന്ന വിശദീകരണം അല്‍പം വിചിത്രകരമാണ്. ശേഷിച്ച സമയത്തെങ്കിലും മോദിയുടെ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വിനിയോഗിക്കുകയും ഇനി ഭരണം കിട്ടാനിടയില്ലാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ അധികാരത്തില്‍ വിനിയോഗിക്കുകയും ചെയ്യട്ടെ എന്ന ലക്ഷ്യത്തോടെയാണ് എന്നാണ് വിശദീകരണം. മോദിയും സംഘ്പരിവാര രാഷ്ട്രീയവും ഇന്ത്യയില്‍ ഇനി അധികാരത്തില്‍ തിരിച്ചുവരില്ലെന്ന് പ്രവീണ്‍ഭായ് തൊഗാഡിയയും അനുയായികളും ഉറച്ചുവിശ്വസിക്കുന്നുവെന്ന് മേല്‍പ്പറഞ്ഞ വിശദീകരത്തില്‍നിന്ന് വ്യക്തമാണ്. മോദിയെയും സംഘത്തെയും അധികാരത്തില്‍നിന്നു പുറത്താക്കണമെന്ന തീവ്രമായ അഭിലാഷവും ആഗ്രഹവും തൊഗാഡിയക്കുണ്ട്. അക്കാര്യത്തില്‍ ഏതറ്റം വരെയും പോകണമെന്ന ചിന്തയും അവര്‍ക്കിടയില്‍ സജീവമാണ്. ഒന്നരവര്‍ഷം മുമ്പ് വരെയും മോദിയെയും അദ്ദേഹത്തിന്റെ ഭരണകൂടത്തെയും കുറിച്ച് തനിക്ക് ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ തിരുത്താന്‍ പറ്റാത്തവിധത്തില്‍ മോദി ഭരണകൂടം ഹിന്ദുത്വ വിരുദ്ധമായിക്കഴിഞ്ഞുവെന്നും ഇതേ സംഘം ആരോപണമുന്നയിക്കുന്നു. ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും നിയന്ത്രിക്കുന്ന ഒരു അതീത ശക്തിയായി മാറാന്‍ വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടന ശ്രമമാരംഭിച്ചത് അശോക് സിംഗാള്‍-തൊഗാഡിയ നേതൃത്വത്തിന്റെ കാലത്തായിരുന്നു. ആ ഘട്ടത്തില്‍ വി.എച്ച്.പി അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ തന്നെയാണ് സംഘ്പരിവാര്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റേതായ ഒരു വോട്ടുബാങ്ക് രൂപീകരണം സാധ്യമാക്കിയത് എന്നത് അനിഷേധ്യമായ വസ്തുത തന്നെയാണ്. തൊഗാഡിയയെ അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ പരിവാറിന് കഴിയാതെ വന്നതും അതുകൊണ്ടാണ്.

chandrika: