X

ദേശസഞ്ചാരം വിശ്വാസികള്‍ക്ക് പുണ്യകര്‍മ്മം


പി. മുഹമ്മദ് കുട്ടശ്ശേരി


പ്രസിദ്ധ പണ്ഡിതന്‍ ഇമാം ശാഫി ഒരു കവിതയില്‍ ജന്മനാട്‌വിട്ട് ദേശാടനം നടത്താന്‍ പ്രേരിപ്പിക്കുകയും അതില്‍ അഞ്ച് നേട്ടങ്ങളുണ്ടെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു- മാനസികാനന്ദം, ഉപജീവനമാര്‍ഗം കണ്ടെത്തല്‍, വിജ്ഞാന സമ്പാദനം, വിശിഷ്ട വ്യക്തികളുമായുള്ള സമ്പര്‍ക്കം.
ലോകം ധാരാളം പേജുകളുള്ള ഒരു തുറന്ന പുസ്തകമാണ്. സ്വന്തം നാട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്നവര്‍ അതിലെ ഒരു പേജ് മാത്രം വായിച്ചവരാണ്. ഓരോ നാട് സന്ദര്‍ശിക്കുമ്പോഴും ഓരോ പുതിയ പേജുകള്‍ വായിക്കുകയും പുതിയ അറിവുകള്‍ ആര്‍ജിക്കുകയും ചെയ്യുന്നു. വിശുദ്ധ ഖുര്‍ആന്‍ ദേശസഞ്ചാരത്തിന് ശക്തിയായ പ്രേരണ നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ മത പ്രചാരണ വിഭാഗം ഫാക്കല്‍റ്റി ഡീന്‍ ഡോ. ജമാല്‍ ഫാറൂഖ് ഒരു നല്ല ഉദ്ദേശ്യത്തിന്‌വേണ്ടി ദേശസഞ്ചാരം നടത്തുന്നതിനെ ദൈവപ്രീതി ലക്ഷ്യം വെച്ചുള്ള പുണ്യകര്‍മ്മം എന്ന അര്‍ത്ഥത്തില്‍ ഇബാദത്ത് എന്ന് വിശേഷിപ്പിച്ചത്. ഖുര്‍ആനില്‍ ഭക്തന്മാരുടെ ഗുണവിശേഷങ്ങള്‍ എണ്ണിപ്പറഞ്ഞിടത്ത് ‘അസ്സാഇഹൂന്‍’ എന്ന വാക്കുണ്ട്. അതിന് സ്രഷ്ടാവിലുള്ള വിശ്വാസം ശക്തിപ്പെടുത്താന്‍ എന്ന വ്യാഖ്യാനം നല്‍കിയ പണ്ഡിതന്മാരുമുണ്ട്. ‘നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിച്ചു ദൈവം സൃഷ്ടിപ്പ് എങ്ങനെ ആരംഭിച്ചു എന്നു നോക്കുക’- ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ‘അവര്‍ക്ക് ഭൂമിയില്‍ സഞ്ചരിച്ചുകൂടേ എന്നാല്‍ ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകും. കണ്ണുകള്‍ക്കല്ല, ഉള്ളിലെ മനസ്സുകള്‍ക്കാണ് അന്ധത ബാധിക്കുക’ എന്ന ഖുര്‍ആന്‍ വാക്യം ദേശസഞ്ചാരം അടഞ്ഞ മനസ്സുകളെയും കണ്ണുകളെയും കാതുകളെയും തുറപ്പിക്കാന്‍ പര്യാപ്തമാണെന്ന് വ്യക്തമാക്കുന്നു. ഏതെല്ലാം തരത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും പഴങ്ങളും പൂക്കളുമുണ്ട് ഓരോ നാട്ടിലും. അതുപോലെ വ്യത്യസ്ത പ്രാണികളും ജന്തുക്കളും മൃഗങ്ങളും പക്ഷികളുമുണ്ട്. ഭൂമിയുടെയും മണ്ണിന്റെയും പ്രകൃതം എല്ലായിടത്തും ഒന്നല്ല. നദികളും സമുദ്രങ്ങളും ജലാശയങ്ങളും എത്രയാണ്. ഭൂമിയിലെ മണ്ണിന്റെ സ്വഭാവം തന്നെ ഒരുപോലെയല്ല. ഇതിലെല്ലാം ഉപരി ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യരും- അവരുടെ നിറം, ശരീര പ്രകൃതി, ഉയരം, മുഖരൂപം എല്ലാം വ്യത്യസ്തം. ആചാരങ്ങളും സമ്പ്രദായങ്ങളും ഒരുപോലെയല്ല. ഇവയെല്ലാം കാണുമ്പോള്‍ ഈ ഭൂമിയെയും അതിലെ വസ്തുക്കളെയും ഇവ്വിധം സംവിധാനിച്ച ദൈവത്തിന്റെ സൃഷ്ടിവൈഭവത്തില്‍ എങ്ങനെ മനുഷ്യന്‍ വിസ്മയിക്കാതിരിക്കും. അവന്റെ ചിന്തയെ അതെങ്ങനെ തട്ടിയുണര്‍ത്താതിരിക്കും. അല്ലാഹു മനുഷ്യന് നല്‍കിയ കഴിവുകള്‍ അപാരമാണ്. ഇന്നത്തെ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും അവ മുഖേന നിലവില്‍വന്ന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും സര്‍വ രംഗങ്ങളിലുള്ള പുരോഗതിയും ഓരോ നാട്ടിലും ദൃശ്യമാകും. ഇവയെല്ലാം കാണുമ്പോള്‍ മനുഷ്യനെ ഇതിന് അനുഗ്രഹിക്കുകയും സജ്ജമാക്കുകയും ചെയ്ത സ്രഷ്ടാവിനെപ്പറ്റിയാണ് ഓര്‍ക്കേണ്ടത്. പുരോഗതിയുടെ ഉത്തുംഗത പ്രാപിക്കാനുള്ള ശേഷി അവന്റെ ഉള്ളില്‍ നിക്ഷേപിച്ചത് അവനാണ്.
പഠനോദ്ദേശ്യത്തോടെ ഒരു നാട് സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ പൂര്‍വികരെയും അവരുടെ നേട്ടകോട്ടങ്ങളെയുംപറ്റി പഠിക്കാനും അവിടത്തെ ചരിത്രാവശിഷ്ടങ്ങളും സ്മാരകങ്ങളും നിര്‍മ്മിതികളും കാണാനും സ്വാഭാവികമായും സന്ദര്‍ശകന്‍ ഉത്സുകനാകണം. മണ്‍മറഞ്ഞ കുറേ സമൂഹങ്ങളുടെ ചരിത്രം അവതരിപ്പിച്ച ശേഷം ഖുര്‍ആന്‍ പറയുന്നു: ‘എത്ര ദേശങ്ങള്‍- അവിടുത്തെ നിവാസികള്‍ അക്രമം കാണിച്ചപ്പോള്‍ നാം അവരെ നശിപ്പിച്ചു. അവയുടെ മേല്‍പുരകള്‍ തകര്‍ന്നുവീണു; ഉപയോഗിക്കാന്‍ ആളില്ലാതായ എത്ര കിണറുകള്‍, കെട്ടിപ്പൊക്കിയ എത്ര കോട്ടകള്‍’. മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ ചരിത്രം എത്രയാണ് ഉറങ്ങികിടക്കുന്നത്.
യാത്രകള്‍ വിജ്ഞാന സമ്പാദനത്തിന് പണ്ടുകാലം മുതല്‍ക്കേ മുസ്‌ലിം സമൂഹം ഉപയോഗിച്ചിരുന്നു. മുന്‍ തലമുറയില്‍ പണ്ഡിതന്മാര്‍ അവരുടെ കാലത്തെ സമൂഹങ്ങളെയും അവരുടെ ഭരണ-സംസ്‌കാര-ആചാര രീതികളെയും വിവരിച്ച് എഴുതിയ ഗ്രന്ഥങ്ങള്‍ പിന്‍തലമുറക്കാര്‍ക്ക് എത്രയാണ് ഉപകരിച്ചത്. ഇബ്‌നു ബതൂത, അല്‍ ബീറൂനി, മസ്ഊദി തുടങ്ങിയ നിരവധി പേര്‍ ഈ രംഗത്ത് ഗന്ഥരചന നടത്തിയവരാണ്. പൂര്‍വകാല പണ്ഡിതന്മാരില്‍ പലരും വിജ്ഞാനം തേടി ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്തവരാണ്. ഹദീസ് പണ്ഡിതന്മാരായ ബുഖാരി, മുസ്‌ലിം, തിര്‍മുദി തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ഹദീസ് ശേഖരിക്കാന്‍ എത്ര സാഹസ യാത്രയാണ് ബുഖാരി നടത്തിയിട്ടുള്ളത്. ഇമാം ദഹബി വളരെ ചെറുപ്പത്തില്‍ നാടുവിട്ട് പഠിക്കാന്‍ താല്‍പര്യം കാണിച്ചുവെങ്കിലും പ്രായക്കുറവ് കാരണം പിതാവ് അനുമതി നല്‍കിയില്ല. പിന്നെ ബാല്യം പിന്നിട്ടപ്പോഴാണ് അദ്ദേഹം അഭിപ്രായം മാറ്റിയത്. പല നാടുകളും സന്ദര്‍ശിച്ച് പല പണ്ഡിതന്മാരുമായും ബന്ധപ്പെടുകയും ആ നാടിന്റെ ചരിത്രവും സംസ്‌കാരവും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഇബ്‌നുഖല്‍ദൂന്‍ ‘മുഖദ്ദിമ’ എന്ന അത്ഭുതഗ്രന്ഥം രചിക്കുകയുണ്ടായത്. ഹദീസ് ശേഖരിക്കാന്‍ വേണ്ടി മാത്രം ബുഖാരി ഇറാഖ്, ഇറാന്‍, ഹിജാസ്, സിറിയ എന്നീ പ്രദേശങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. ഖുര്‍ആനിലെ സൂറ: അല്‍ കഹ്ഫില്‍ മൂസാ നബി ഒരു വിജ്ഞാനിയെ തേടി കടല്‍ കടന്ന് സാഹസയാത്ര ചെയ്ത സംഭവം വിവരിക്കുന്നുണ്ട്. ഇത് മനുഷ്യന് വിജ്ഞാന സമ്പാദനത്തിനായി യാത്ര ചെയ്യാനുള്ള പ്രേരണയാണെന്നാണ് പ്രസിദ്ധ പണ്ഡിതനായ അബ്‌നു ഹജറുല്‍ അസ്ഖലാനി പറയുന്നത്.
ഇന്ന് യാത്രാ സൗകര്യങ്ങളും യാത്രകളും വര്‍ധിച്ചിട്ടുണ്ട്. ടൂറിസം എന്നാല്‍ അധികവും ഇപ്പോള്‍ വിനോദ സഞ്ചാരങ്ങളാണ്. വിനോദമോ, മാനസികോല്ലാസം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളോ മതത്തില്‍ നിഷിദ്ധമല്ല. എന്നാല്‍ ടൂറിസത്തോടനുബന്ധിച്ചുള്ള അനാശാസ്യ പ്രവര്‍ത്തനങ്ങളോ മത നിയമങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളോ വിശ്വാസികള്‍ക്ക് പാടില്ല. പ്രസിദ്ധ മുസ്‌ലിം ചിന്തകനും പരിഷ്‌കര്‍ത്താവുമായിരുന്ന ശൈഖ് മുഹമ്മദ് അബ്ദു സ്രഷ്ടാവായ ദൈവത്തിന്റെ പ്രകൃതി വ്യവസ്ഥയും പ്രപഞ്ചത്തിലെ അവന്റെ നടപടിക്രമങ്ങളും മനസ്സിലാക്കാന്‍ ടൂറിസത്തെ ഉപയോഗപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നു. ലോക സഞ്ചാരം നടത്തുന്നവര്‍ ആര്‍ജിക്കുന്ന അനുഭവ സമ്പത്തും അറിവും അവര്‍ക്കൊപ്പം തലമുറക്കും ഉപകാരപ്പെടേണ്ടതുണ്ട്.

web desk 1: