X

പ്രതിഷേധം കനപ്പിച്ച് പാകിസ്താന്‍; സംഝോത ട്രെയിന്‍ സര്‍വീസും നിര്‍ത്തി

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധം കനപ്പിച്ച് പാകിസ്താന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് പാകിസ്താന്‍ നിര്‍ത്തിവെച്ചു. പാകിസ്താനിലെ ലാഹോറില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് യാത്രാ മാധ്യേ വാഗാ അതിര്‍ത്തിയില്‍ അപ്രതീക്ഷിതമായി സര്‍വീസ് അവസാനിപ്പിച്ചത്. അതേസമയം പ്രത്യേക സംഘത്തെ അയച്ച് ട്രെയിന്‍ ഡല്‍ഹിയില്‍ എത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതായാണ് വിവരം. ട്രെയിന്‍ വാഗയില്‍നിന്ന് അട്ടാരിയിലേക്ക് യാത്ര തുടങ്ങിയതായും വിവരമുണ്ട്.
കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ പാക് നയതന്ത്ര പ്രതിനിധിയെ തിരിച്ചു വിളിക്കുകയും പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതിനു പിന്നാലെയാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പുതിയ നടപടി.
ഇതേ വിഷയത്തെച്ചൊല്ലി ഇന്ത്യക്കുള്ള നയതന്ത്ര പദവി പാകിസ്താന്‍ വെട്ടിക്കുറച്ചിരുന്നു. ഇതുസംബന്ധിച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് സംഝോത എക്‌സ്പ്രസ് വാഗയില്‍ പിടിച്ചിട്ടത്. ലാഹോറില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ ഇന്നലെ വാഗാ അതിര്‍ത്തിയില്‍ എത്തിയെങ്കിലും തുടര്‍ന്ന് സര്‍വീസ് നടത്താന്‍ തയ്യാറല്ലെന്ന് പാക് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയായിരുന്നു പാക് ജീവനക്കാരുടെ പിന്മാറ്റം. ഇതേതുടര്‍ന്ന് ട്രെയിനിലുണ്ടായിരുന്ന 110 യാത്രക്കാര്‍ വാഗയില്‍ കുടുങ്ങി.

chandrika: