X

സീതി സാഹിബ് അക്കാദമികമാവുമ്പോള്‍

സുഫ്‌യാന്‍ അബ്ദുസ്സലാം

കേരളീയ നവോത്ഥാനത്തിന്റെ ധൈഷണിക പാഠങ്ങളെ പുതുതലമുറക്ക് സമ്മാനിക്കുന്നതിനായി മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം സീതി സാഹിബ് അക്കാദമിയ പാഠശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. അഴുക്കും കറയും പുരണ്ട് മങ്ങിക്കൊണ്ടിരിക്കുന്ന ചരിത്ര യാഥാര്‍ഥ്യങ്ങളെ വിജ്ഞാനത്തിന്റെ ഉരകല്ലില്‍ ഉരച്ച് തേച്ചുമിനുക്കി മഹാദൗത്യം നിര്‍വഹിക്കുവാനുള്ള കഠിനപ്രയത്‌നമാണ് മുസ്‌ലിം യുവജനപ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ളത്.

വിദ്യാഭ്യാസ കാഴ്ചപ്പാടോ രാഷ്ട്രീയ ദിശാബോധമോ പുരോഗതിയുടെ അടയാളങ്ങളോ ഒന്നുമില്ലാതിരുന്ന മുസ്‌ലിം ന്യൂനപക്ഷത്തെ ഭൂരിപക്ഷത്തോടൊപ്പം മുമ്പോട്ടുകുതിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ പരിവര്‍ത്തിപ്പിച്ചത് ഒരു നൂറ്റാണ്ടിനപ്പുറം കെ.എം.സീതിസാഹിബും കൂട്ടുകാരും പാകിയ നവോത്ഥാന ചിന്തയുടെ വിത്തുകളാണ്. മുസ്‌ലിം സമുദായത്തിന്റെ സകല മേഖലകളിലുമുള്ള അഭിവൃദ്ധിയും സുരക്ഷയും സ്വപ്‌നം കണ്ട അവര്‍ അതിനാവശ്യമായ ഘട്ടം ഘട്ടമായ ആസൂത്രണങ്ങള്‍ തയാറാക്കി.

‘ഇപ്പോള്‍ വെച്ച വാഴ ഇപ്പോള്‍ തന്നെ കുലക്കണം’ എന്ന മട്ടിലായിരുന്നില്ല അവരുടെ ആസൂത്രണങ്ങള്‍. ഒരു നൂറ്റാണ്ട് കാലത്തേക്കുള്ള ദീര്‍ഘവീക്ഷണങ്ങള്‍ രൂപപ്പെടുത്തുകയും, സമുദായത്തെ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയും, സ്വപ്‌നം ഒരു കാലത്ത് യാഥാര്‍ഥ്യമാകുമെന്ന് ബോധിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു അവര്‍ പ്രവര്‍ത്തിച്ചത്. മുസ്‌ലിംലീഗ് പാര്‍ട്ടിയെ അതിനായുള്ള ഉപകരണം മാത്രമായിട്ടായിരുന്നു അവര്‍ കണ്ടത്. കുറേ മന്ത്രിമാരും എം.എല്‍.എ മാരും പാര്‍ട്ടി ഭാരവാഹികളും ഉണ്ടാവുകയെന്ന കക്ഷിരാഷ്ട്രീയത്തിലെ ദൈനംദിന നേട്ടകോട്ടങ്ങളെ കുറിച്ചുള്ള ചിന്തകളായിരുന്നില്ല അവരെ മതിച്ചിരുന്നത്. മുസ്‌ലിംലീഗിനെ ഒരു കക്ഷിരാഷ്ട്രീയ പാര്‍ട്ടിയായി കാണുന്നതിന് പകരം ഒരു പ്രസ്ഥാനമായി അവര്‍ നിര്‍വചിച്ചു. പ്രസ്ഥാനവും പാര്‍ട്ടിയും തമ്മില്‍ അജവും ഗജവും തമ്മിലുള്ള വ്യത്യാസമുണ്ട്. ഈ വ്യത്യാസം കൃത്യമായി നിര്‍വചിച്ചത് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും സീതി സാഹിബുമായിരുന്നു. ഒട്ടും ദീര്‍ഘവീക്ഷണമില്ലാതെ ഓരോ ദിവസത്തെയും രാഷ്ട്രീയകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സംവിധാനമാണ് പാര്‍ട്ടി എന്നും എന്നാല്‍ ഒരു അമ്പത് വര്‍ഷം കഴിയുമ്പോള്‍ സമുദായത്തിനും നാടിനും ഉണ്ടാവേണ്ട ക്ഷേമകാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുക എന്നതാണ് ഒരു രാഷ്ട്രീയപ്രസ്ഥാനം നിര്‍വഹിക്കേണ്ട ദൗത്യമെന്നും അവര്‍ പഠിപ്പിച്ചു.

ഈ ഒരു കാഴ്ചപ്പാടില്‍ നിന്നാണ് മുസ്‌ലിംലീഗിന്റെ ആശയങ്ങള്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട് പ്രാസ്ഥാനിക ചിന്തകളോടെ അജയ്യമായി നിലനില്‍ക്കുന്നത്. ദൈനംദിന രാഷ്ട്രീയ വിഷയങ്ങളില്‍ സുചിന്തിതമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടുമാത്രം ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ദൗത്യം നിറവേറ്റാന്‍ കഴിയില്ല. മറിച്ച്, ഇനിയും ജനിച്ചിട്ടില്ലാത്ത തലമുറകളെ കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള വ്യക്തമായ ആസൂത്രണങ്ങള്‍ അനിവാര്യമാണെന്ന ബോധ്യമാണ് മുസ്‌ലിംലീഗിനെ പ്രസ്ഥാനമായി കാണുവാനും പരിണതപ്രജ്ഞരായ മുന്‍കാല നേതാക്കളുടെ ആശയങ്ങള്‍ അക്കാദമികമായി പുതുതലമുറക്ക് പഠിപ്പിക്കുവാനും അതിന്റെ പ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നത്.
സ്വന്തം താല്‍പര്യങ്ങള്‍ക്ക് ഒട്ടും പ്രാധാന്യം കല്‍പ്പിക്കാതെ സമുദായാംഗങ്ങളുടെ ക്ഷേമവും പുരോഗതിയും എന്ന ആത്മാര്‍ത്ഥതയായിരുന്നു സീതി സാഹിബും ഇതരനേതാക്കളും ലക്ഷ്യമായി കണ്ടിരുന്നത്. സംഘടന അതിനു വേണ്ടിയുള്ള ഉപകരണം മാത്രമാണെന്ന് അവര്‍ ചിന്തിച്ചു. അതുകൊണ്ടുതന്നെ മുസ്‌ലിംലീഗ് എന്ന ഉപകരണത്തിന് അലങ്കാരങ്ങള്‍ നിര്‍മിക്കുന്നതിന് പകരം അവര്‍ അകക്കാമ്പുകളുള്ള ആശയപ്രപഞ്ചം തീര്‍ത്തു. ദൈവബോധവും സമര്‍പ്പണചിന്തയും സമന്വയിപ്പിച്ചുകൊണ്ട് ക്ഷമയും സഹിഷ്ണുതയും പ്രായോഗിക ബുദ്ധിയും ചേരുവകള്‍ ചേര്‍ത്ത് അവര്‍ സമുദായത്തിനായി മരണം വരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. സ്ഥാനമാനങ്ങളില്‍ ഒട്ടും താല്‍പര്യം പ്രകടിപ്പിക്കാതെ ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായി അവര്‍ യത്‌നിച്ചു. ജനങ്ങള്‍ അവരെ സംഘടനാ നേതാക്കളായി കാണുന്നതിന് പകരം സമുദായ സേവകരായി കണ്ടു. പല കാരണങ്ങളാല്‍ പുരോഗതിയോട് പുറംതിരിഞ്ഞ് ഉറങ്ങിക്കിടന്നിരുന്ന സമുദായമാക്കളെ അവര്‍ ക്ഷമാപൂര്‍വം പുരോഗതിയുടെ പാതയിലേക്ക് കൊണ്ടുവന്നു. നവോത്ഥാന ഘടികാരത്തിലെ സൂചികളില്‍ സമുദായം ഉറങ്ങിക്കിടന്നപ്പോള്‍ സൂചികള്‍ അവരെയും കൊണ്ട് മുമ്പോട്ടുകുതിച്ചു. സൂചികളെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചവരുടെ ശ്രമങ്ങളെ അതിജയിച്ച് മുസ്‌ലിംലീഗ് എന്ന ഘടികാരം കാലാകാലങ്ങളില്‍ സമുദായത്തിന് കൃത്യമായ സമയം കാണിച്ചു കൊടുത്തു.

സമുദായത്തിന് ആവശ്യമായ കാര്യങ്ങളില്‍ മാതൃകാനുസൃതമായി സംവദിക്കുക എന്നതിനപ്പുറം സമുദായത്തോട് കലഹിക്കാന്‍ അവര്‍ തയാറായില്ല. കലഹം സമുദായത്തില്‍ ഭിന്നതകള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. മുസ്‌ലിംലീഗിനോട് കലഹിക്കാന്‍ വന്നവരോടും നേതാക്കള്‍ കലഹിച്ചില്ല. പരസ്പരം കലഹിച്ചു കഴിയുന്ന വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അവര്‍ യത്‌നിക്കുകയും ചെയ്തു. പ്രതിബദ്ധതയായിരുന്നു പ്രശ്‌നപരിഹാരങ്ങള്‍ക്കായി അവര്‍ കണ്ടെത്തിയ മാര്‍ഗം. അഭിമാനകരമായ അസ്തിത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ പലരുടെയും പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഭ്രഷ്ടുകള്‍ക്കും വിധേയമാകാമെങ്കിലും അതിനെയെല്ലാം സ്‌നേഹത്തില്‍ ചാലിച്ച പുഞ്ചിരിയോടെ നേരിടുക മാത്രമാണ് വേണ്ടതെന്നും അവര്‍ കാണിച്ചു തന്നു. രോഗം മനസിലാകുന്ന ഒരു ഡോക്ടറോട് ഒരു രോഗി എത്രമാത്രം കലഹിച്ചാലും ക്ഷമാപൂര്‍വം പരിഹാരം നിര്‍ദ്ദേശിക്കാന്‍ മാത്രമേ പ്രതിബദ്ധതയുള്ള ഒരു ഡോക്ടര്‍ തയാറാവൂ.

1957 ലെ സംസ്ഥാന മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജനറല്‍ സിക്രട്ടറി കെ.എം.സീതി സാഹിബ് നടത്തിയ പ്രസ്താവനയില്‍ സമുദായത്തിന് അദ്ദേഹം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെ വരച്ചുകാണിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന് പ്രായമായ എല്ലാ മുസ്‌ലിം ബാലികാ ബാലന്മാരെയും വിദ്യാലയങ്ങളില്‍ അയച്ച് പഠിപ്പിക്കണമെന്നും പ്രായപൂര്‍ത്തിയായ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നിശാപാഠശാലകള്‍ ഏര്‍പ്പെടുത്തണമെന്നും പത്രങ്ങളും പുസ്തകങ്ങളും വായിപ്പിക്കാന്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരെ പ്രോത്സാഹിപ്പിക്കണമെന്നും വായനശാലകള്‍ അതിനായി തയാറാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരെ സകാത്തിലൂടെ സഹായിക്കാനുള്ള പദ്ധതികള്‍ മഹല്ലുകള്‍ തോറും ആരംഭിക്കണമെന്നും ദുര്‍വ്യയങ്ങള്‍ ഉപേക്ഷിക്കാന്‍ സമുദായമാക്കളെ പഠിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പഞ്ചവത്സര പദ്ധതികളിലും ദേശീയ വികസന പദ്ധതികളിലും സജീവമാവുകയും കുടില്‍ വ്യവസായങ്ങളെ സമുദായത്തില്‍ പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും അദ്ദേഹം മുമ്പോട്ടുവെച്ചു. അതോടൊപ്പം മതബോധം വളര്‍ത്തുവാനും മതാനുഷ്ഠാനങ്ങളില്‍ നിഷ്ഠയുള്ളവരായിരിക്കാനും ജമാഅത്ത് നമസ്‌കാരം, ജുമുഅ തുടങ്ങിയവ അനുഷ്ഠിക്കാനും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. (മുസ്‌ലിംലീഗ് ചരിത്ര രേഖകള്‍ പേജ് 59, 60).

പ്രസ്തുത പ്രസ്താവനയുടെ പ്രാരംഭത്തില്‍ അദ്ദേഹം പറയുന്നു: ‘മുസ്‌ലിംലീഗിന്റെ കൊടിക്കൂറയിന്‍ കീഴില്‍ നാം അണിനിരന്നിട്ടുള്ളത് ഒരു മഹത്തായ ലക്ഷ്യം വെച്ചുകൊണ്ടാണല്ലോ. ഇന്ത്യയിലെ നാലരക്കോടി മുസ്‌ലിംകള്‍ക്ക് അവരുടെ മതത്തിലും സംസ്‌കാരത്തിലും ഉറച്ചുനിന്നുകൊണ്ട് സമുദായത്തിനും നാടിനും വേണ്ടി സേവനം ചെയ്യാനും ഇതര രാഷ്ട്രീയ പാര്‍ട്ടികളുടെ അവയില്‍ ചിലത് നിരീശ്വരത്വത്തിലും നിര്‍മതത്വത്തിലും അടിയുറച്ചവയാണ് താനും ഭാണ്ഡം പേറികളായി മുസ്‌ലിം സമുദായം ചിന്നിച്ചിതറി പോവാതെ ഈ നാട്ടിലെ പൗര ജീവിതത്തില്‍ ന്യായവും മാന്യവുമായ ഒരു നില കൈവരുത്താനും നമ്മുടേതായ ഒരു സംഘടനയുടെ കീഴില്‍ ഒരു ശരീരമെന്നോണം ഉറച്ചുനില്‍ക്കുകയെന്നുള്ളതാണ് ആ ലക്ഷ്യം.’ (പേജ് 57).

ഒരു ന്യൂനപക്ഷം അവരുടെ അഭിമാനകരമായ അസ്തിത്വം നിലനിര്‍ത്തി ഭൂരിപക്ഷത്തിന്റെ കൂടെ എങ്ങനെയാണ് സമാധാനത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിക്കുക എന്നതിന്റെ ദാര്‍ശനാക്കിമായ പാഠങ്ങളാണ് സീതി സാഹിബും ആദ്യകാല നേതാക്കളും സമുദായത്തെ പഠിപ്പിച്ചത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ മാതൃകയും പ്രതീക്ഷയും നല്‍കിയ പാഠങ്ങളാണ് അവര്‍ സമ്മാനിച്ചത്. ഈ പാഠങ്ങള്‍ ജീവിച്ചിരിക്കുന്ന മുസ്‌ലിം സമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അവ വരും തലമുറകളിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് അക്കാദമീയ പാഠശാലകള്‍ നിര്‍വഹിക്കുന്നത്.

web desk 3: