X

സ്വാതന്ത്ര്യ സ്വപ്‌നങ്ങള്‍ പൂവണിയണം

എം.സി വടകര

രണ്ട് നൂറ്റാണ്ട് കാലം അടിമത്തം പേറി നടന്ന നമ്മുടെ രാജ്യം എങ്ങിനെ സ്വാതന്ത്ര്യത്തിന്റെ പ്രഭാതത്തിലേക്ക് എത്തിച്ചേര്‍ന്നുവെന്ന കാര്യം ആലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. ബ്രട്ടീഷുകാര്‍ സമ്മാനമായി തന്നതല്ല സ്വാതന്ത്ര്യം. കഠിനമായ പ്രയത്‌നത്തിലൂടെയും ആയിരങ്ങളുടെ ഹൃദയങ്ങളില്‍ നിന്നൊഴുകിയ ചെഞ്ചോര നീന്തി തുടിച്ചുമാണ് സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്. ആദിവാസികളും ദളിത് വിഭാഗങ്ങളും ഹൈന്ദവ െ്രെകസ്തവ ഇസ്‌ലാം മതങ്ങളില്‍പെട്ടവരും പരസ്പരം ചേര്‍ന്ന് നിന്നപ്പോഴാണ് ബ്രിട്ടീഷുകാരെ തുരത്താനായത്.
സ്വാതന്ത്ര്യം കരഗതമാക്കുമ്പോള്‍ മനോഹരമായ ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും സംഘര്‍ഷങ്ങളോ കലാപങ്ങളോ ഇല്ലാതെ സമാധാനത്തോടെ ഉറങ്ങാനും യാത്ര ചെയ്യാനും ഓരോ പൗരനും സാധ്യമാവുന്ന ഇന്ത്യയെ കുറിച്ചാണ് സ്വാതന്ത്ര്യ പുലരിയില്‍ നമ്മള്‍ ചിന്തിച്ചത്.

നിരക്ഷരതയും പട്ടിണിയും തുടച്ചു നീക്കിയും തൊഴില്‍ ഉറപ്പു വരുത്തിയും എല്ലാവര്‍ക്കും പാര്‍പ്പിടവും ആരോഗ്യ സേവനങ്ങളും ലഭ്യമാവുന്ന തരത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യവും രാഷ്ട്ര ശില്‍പികളുടെ കിനാവുകളായിരുന്നു. തൊട്ടു കൂടായ്മയും വിവേചനങ്ങള്‍ ഇല്ലാത്തതും സാമൂഹിക നീതി പുലരുന്നതുമായ ക്ഷേമ രാഷ്ട്രമായിരുന്നു വിഭാവനം ചെയ്തത് . സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തില്‍ മനോഹര സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞോ എന്ന ആത്മ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.സ്വാതന്ത്ര്യത്തിന്റെ താങ്ങായി നില്‍ക്കുന്ന മതേരത്വവും ജനാധിപത്യവും അപകടാവസ്ഥയിലാണെന്നാണ് പല സംഭവങ്ങളും വിളിച്ചു പറയുന്നത്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിം ജനവിഭാഗത്തെ രാഷ്ട്ര ഭ്രഷ്ടരാക്കുന്ന ഭരണകൂടത്തിന്റെ പൗരത്വ നിയമ നിര്‍മാണവും പൗരന്റെ ഭക്ഷണത്തിനും വസ്ത്രത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മുകളിലുള്ള കടന്നു കയറ്റവും ഗൗരവതരമാണ്. ജനങ്ങള്‍ തമ്മില്‍ കലഹിക്കുന്ന അവസ്ഥയാണ് ഫാസിസ്റ്റ് ഭരണ കൂടം സൃഷ്ടിക്കുന്നത്.

മതത്തിന്റെയും ജാതിയുടെയും ഭൂപ്രദേശങ്ങളുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ചും കൊച്ചു രാജ്യങ്ങള്‍ പിടിച്ചെടുത്തുമാണ് ബ്രട്ടീഷുകാര്‍ നമ്മുടെ നാടിനെ കൈപിടിയിലൊതുക്കിയത്. അതേ തന്ത്രമാണ് ഫാസിസ്റ്റുകളും പയറ്റുന്നത്. ശിഥിലീകരണ ശക്തികള്‍ക്കെതിരെ പോരാടാനും ഭയരഹിത ഇന്ത്യ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനും എല്ലാവരും പ്രതിജ്ഞ പുതുക്കാന്‍ തയാറാവണം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതി മരിച്ചവരോടുള്ള ആദരം പ്രകടിപ്പിക്കല്‍ കൂടിയാണത്.

സംഗ്രഹം. പി.ഇസ്മായില്‍ വയനാട്‌

web desk 3: