X

ശഅബാന്‍ ചിന്തകള്‍

ടി.എച്ച് ദാരിമി

ഹിജ്‌റ കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാന്‍. ഈ ലോകത്തോട് അല്ലാഹു കാണിക്കുന്ന ഏറ്റവും വലിയ കാരുണ്യമായ റമസാനിന്റെ തൊട്ടുമുമ്പുള്ള മാസം. ശഅബാന്‍ പ്രത്യേക ചര്‍ച്ചയാവുന്നത് സത്യത്തില്‍ റമസാനിനു വേണ്ടിയാണ്. കാരണം, റമസാന്‍ എത്ര വലിയ കാരുണ്യമാണ് എന്ന് തിരിച്ചറിയുന്ന ആരും പറയും, ശഅബാന്‍ അതിന്റെ ആമുഖവും മുഖവുരയുമാണെന്ന്. അതു നബി (സ) തിരുമേനിയുടെ ജീവിതത്തില്‍ ഏറെ പ്രകടമായിരുന്നു. റമസാനിനുവേണ്ടിയുള്ള തീവ്രമായ ഒരുക്കത്തിലും പരിശീലനത്തിലുമായിരുന്നു നബി (സ). എന്തു കൊണ്ട് ഈ ആരാധനക്കുമാത്രം ഇങ്ങനെ ഒരുക്കം എന്ന് ചോദിക്കുന്നവര്‍ സത്യത്തില്‍ റമസാനിനെ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല എന്നാണ് മറുപടി. മറ്റ് ആരാധനകളില്‍നിന്ന് ഏറെ വ്യത്യസ്ഥതകള്‍ നിറഞ്ഞ ഒന്നാണ് നോമ്പ്. ഏറെ പ്രകടമായ മൂന്ന് വ്യത്യാസങ്ങള്‍ പറയാം. ഒന്നാമതായി അതിന്റെ സമയദൈര്‍ഘ്യം. നമസ്‌കാരം പോലെ ചെറിയ സമയത്തില്‍ ചെയ്തുതീര്‍ക്കാവുന്ന ഒന്നല്ല നോമ്പ്. അതിന് ചുരുങ്ങിയത് ഒരു പകല്‍ വേണം. കുറേസമയം നീളുന്ന ഒന്ന് കയ്യടക്കത്തോടെ ചെയ്യാന്‍ തയ്യാറെടുപ്പും പരിശീലനവും വേണം. രണ്ടാമത്തേത് അതില്‍ അനുഭവിക്കേണ്ട ത്യാഗമാണ്. മുസ്‌ലിംകളുടെ നോമ്പ് സമ്പൂര്‍ണമായ ഉപവാസമാണ്. ഒരുതരം ഭക്ഷണവും പാനീയവും എന്തിന് പുക പോലും ഇത്രയും സമയം അകത്തേക്ക് കടക്കാന്‍ പാടില്ല. അതിന് ക്ഷമയും സഹനവും വേണം. അതും ക്ഷിപ്രസാധ്യമല്ല.

മൂന്നാമത്തേത് പ്രകടനപരതയുടെ അഭാവമാണ്. പ്രകടനപരത പ്രചോദനമാണ്. തെരുവിലെ സര്‍ക്കസുകാരന്റെ കലാപ്രകടനങ്ങള്‍ക്ക് ചൂടുപിടിക്കുക ഒരുപാട് ആള്‍ കാണാന്‍ ഉണ്ടാവുമ്പോഴാണ്. കണ്ടുനില്‍ക്കുന്നവരോ വീക്ഷിക്കുന്നവരോ ഉണ്ടെങ്കില്‍ നമസ്‌കാരത്തിന് നല്ല അച്ചടക്കം ഉണ്ടാകും. നോമ്പിന് ഇതൊന്നുമില്ല. ഒരാള്‍ക്ക് നോമ്പുണ്ടോ ഇല്ലയോ എന്നത് അടുത്തിരിക്കുന്ന ആള്‍ക്കു പോലും അറിയാന്‍ കഴിയില്ല. അതിനാല്‍ പ്രചോദനങ്ങളുടെ പിന്തുണയും സഹായവും ഇല്ലാതെതന്നെ നോമ്പ് എന്ന ആരാധന പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കാന്‍ ശരീരത്തിനും മനസ്സിനും പരിശീലനം ലഭിക്കേണ്ടതുണ്ട്. ഇക്കാരണത്താല്‍ ശഅബാന്‍ മാസത്തെ റമസാനിന്റെ പരിശീലനമായി നബി തങ്ങള്‍ പരിഗണിക്കുമായിരുന്നു. നോമ്പിന്റെ പരിശീലനവും ഒരുക്കവും നോമ്പ് കൊണ്ടുതന്നെയാണ് ചെയ്യേണ്ടത്. അപ്പോഴാണ് അത് ശരിക്കും പരിശീലനം ആവുക. നബി തങ്ങള്‍ അങ്ങനെ തന്നെയാണ് ചെയ്തിരുന്നത്. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) പറയുന്നു: നബി(സ) തങ്ങള്‍ ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും നബി തങ്ങള്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു (മുസ്‌ലിം). ഉമ്മുസലമ (റ) പറയുന്നു: റസൂല്‍ (സ) റമസാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു
എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല (അഹ്മദ്).

ഇത്രയധികം നോമ്പെടുക്കുമ്പോള്‍ നബിക്ക് ഒരുക്കം, പരിശീലനം എന്നിവക്കപ്പുറം മറ്റു ചില ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. അത് ഉസാമബിന്‍ സൈദ്(റ)വിന്റെ ഹദീസില്‍നിന്ന് ഗ്രഹിക്കാം. അദ്ദേഹം ഒരിക്കല്‍ റസൂല്‍ (സ) യോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമസാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത്‌പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി(സ) പറഞ്ഞു: റജബിനും റമസാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായിവിടുന്ന മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസവുമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. റജബിനും റമസാനിനുമിടയില്‍ ജനങ്ങള്‍ മറന്നുപോവുന്ന മാസം എന്നു പറയുന്നതില്‍നിന്ന് ഇത് അങ്ങനെ മറക്കാവുന്ന മാസമല്ല എന്ന ധ്വനി മനസ്സിലാക്കാം. മാത്രമല്ല, ഒരു വര്‍ഷത്തെ സല്‍കര്‍മങ്ങളുടെ കണക്കുകള്‍ അല്ലാഹുവിലേക്ക് കൊണ്ടുപോകുന്ന മാസവും ഇതാണ്. ഈ ഏടുകളില്‍ ധാരാളം ന്യൂനതകളും കുറവുകളും ഉണ്ടാകും. അതിന്റെ കാര്യത്തില്‍ ഒരു കാരുണ്യം ഉണ്ടായിരിക്കുവാന്‍ ശഅബാനിലെ നോമ്പ് വലിയ സഹായമാണ്. ഇത് ഒരു ഉപവാസമാണല്ലോ. തന്റെ ദൈന്യത പ്രകടിപ്പിച്ചും ആവശ്യത്തിന്റെ അനിവാര്യത പ്രകടിപ്പിച്ചും നടത്തുന്ന സമര രീതിയാണല്ലോ ഉപവാസം. ഇവിടെ സമരവും പ്രതിഷേധവും ഇല്ലെങ്കിലും ആവശ്യത്തിന്റെ അര്‍ഥന തീര്‍ച്ചയായും ഉണ്ട്.

ഇത്രയും പറഞ്ഞതില്‍നിന്നും റമസാനിന് വേണ്ടിയുള്ള ഒരുക്കങ്ങളുടെ സാംഗത്യവും അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത് എന്നും വ്യക്തമായി. ഒരുങ്ങേണ്ടത് നോമ്പ് നോറ്റ് തന്നെയാണ്. നോമ്പിന് ചില പ്രത്യേകതകള്‍ ഉണ്ട്. അത് ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും ഒരേസമയം അനിര്‍വജനീയമായ ഉണര്‍വും ഉന്മേഷവും നല്‍കും. പക്ഷേ അവ നേടുവാന്‍വേണ്ടി നോമ്പ് അനുഷ്ഠിക്കാന്‍ ശക്തമായ മനക്കരുത്ത്തന്നെ വേണം. കാരണം നോമ്പിന്‌വേണ്ടി ഉപേക്ഷിക്കേണ്ടത് മനസ്സിനോടും ശരീരത്തോടും വികാരത്തോടും അത്രമേല്‍ ഒട്ടിപ്പിടിച്ചു കിടക്കുന്ന വികാരങ്ങളെയാണ്. മനക്കരുത്ത് നേടാന്‍ മനുഷ്യനെ ഏറ്റവും അധികം സഹായിക്കുന്ന ആരാധനകൂടിയാണ് നോമ്പ്. കാരണം നോമ്പില്‍ നാം എന്തെങ്കിലും ചെയ്യുകയല്ല, ചെയ്യാവുന്നത് പലതും ത്യജിക്കുകയാണ്. ഒരു കാര്യം ചെയ്യാന്‍ വേണ്ടതിലധികം മനശക്തി വേണം ചെയ്യാവുന്ന കാര്യം വേണ്ടെന്ന് വെക്കാന്‍. ഇത്തരത്തില്‍ മനക്കരുത്തും നിശ്ചയദാര്‍ഢ്യവും മനസ്സില്‍നിന്ന് ഉയര്‍ന്നുവരികയും ശരീരത്തെ അതിനുവേണ്ടി പാകപ്പെടുത്തുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ അത് റമസാനിനെ നൂറു ശതമാനവും ഉപയോഗപ്പെടുത്താന്‍ വേണ്ട ഒരുക്കവും പരിശീലനവും ആകും. അതുകൊണ്ടാണ് നബി തങ്ങള്‍ ശഅബാനില്‍ ഇത്രമേല്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ഠിച്ചിരുന്നത്.
റമസാനിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ വേളയാണ് എന്ന് പറയുമ്പോള്‍ അതില്‍ പ്രധാനപ്പെട്ടതാണ് നോമ്പ് എന്നു മാത്രമേ നാം പറഞ്ഞതിനര്‍ത്ഥമുള്ളൂ. അതേസമയം റമസാനിന്റെ കര്‍മങ്ങള്‍ തന്നെയായ ദാനധര്‍മങ്ങള്‍, അച്ചടക്കമുള്ള ജീവിതം, ഖുര്‍ആന്‍ പാരായണം, ജീവിത ചിട്ടകള്‍ തുടങ്ങിയവയും ക്രമപ്പെടുത്തിയും ചിട്ടപ്പെടുത്തിയും ജീവിതത്തില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് നമസ്‌കാരം ആണ്. നമസ്‌കാരം സത്യവിശ്വാസിയുടെ ജീവിതത്തെ മുച്ചൂടും സ്വാധീനിക്കുന്ന ആരാധനയാണ്. അഞ്ചു നേരങ്ങളില്‍ ആദ്യ സമയത്തില്‍തന്നെ വൃത്തിയോടെയും ഭംഗിയോടെയും നമസ്‌കരിക്കാന്‍ ഒരാള്‍ തന്റെ ജീവിതത്തെ പരിശീലിപ്പിച്ചാല്‍ അതു തന്നെമതി അവന്റെ ജീവിതം ഇസ്‌ലാമികവത്കരിക്കാന്‍. ആയതിനാല്‍ ശഅബാനില്‍ കൃത്യമായ സമയത്ത് ജാഗ്രതയോടെ നമസ്‌കാരവും ജമാഅത്തുകളും പതിവാക്കിയാണ് ഒരുക്കങ്ങള്‍ തുടങ്ങേണ്ടത്. പിന്നീട് ജീവിതത്തില്‍ എന്നും ചെയ്യാനുള്ള കുറച്ചു കര്‍മങ്ങള്‍ നിറച്ചുതുടങ്ങണം. അതിന് ഏറ്റവും പറ്റിയ ഒന്നാണ് ഖുര്‍ആന്‍ പാരായണം. എല്ലാ നമസ്‌കാരങ്ങളുടെയും ശേഷം നിശ്ചിത ഭാഗം ഖുര്‍ആന്‍ ഓതുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണ് എങ്കില്‍ റമസാനിനെ ഖുര്‍ആനിനുവേണ്ടി സമര്‍പ്പിക്കാന്‍ അനായാസം കഴിയും. ദിക്‌റുകള്‍, ദുആകള്‍ ദാന ധര്‍മങ്ങള്‍ തുടങ്ങിയവ പിന്നീട് ജീവിതത്തില്‍ ആവശ്യത്തിന് നിറക്കണം. അതോടെ ജീവിതത്തില്‍ ആത്മീയതയുടെ നിറവ് അനുഭവപ്പെട്ടുതുടങ്ങും. അങ്ങനെ റമസാനില്‍ എത്തുമ്പോള്‍ അത് വലിയ ആത്മീയ അനുഭൂതിയായി മാറും.

ഇതുവരെ പറഞ്ഞത് ഈ മാസത്തിന്റെ പ്രത്യേകതകളാണ്. ഇനി ഈ മാസത്തിനുള്ളിലെ പ്രത്യേക കാര്യങ്ങള്‍ പറയാം. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബറാഅത്ത് രാവ്. ശഅബാന്‍ പതിനഞ്ചിന്റെ രാവാണ് അത്. അതിനെക്കുറിച്ച് നബി (സ) യുടെ ഹദീസ് ഇങ്ങനെയാണ്: മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍(സ) പറഞ്ഞു: ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്ത്‌കൊടുക്കുകയും ചെയ്യും (ത്വബറാനി). ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ മുആദ് ബ്ന്‍ ജബല്‍(റ), അബൂ സഅ്‌ലബ(റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്‌നുല്‍ ആസ്വ്(റ), അബൂമൂസ അല്‍ അശ്അരി(റ), അബൂഹുറൈറ(റ), അബൂബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ് ബ്ന്‍ മാലിക്ക്(റ), ആഇശ(റ) തുടങ്ങിയ ഒരു പറ്റം സ്വഹാബിമാരില്‍നിന്നും ഇത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉള്ളത് ഈ രാവ് പുലരുന്ന പകലില്‍ സുന്നത്തായ നോമ്പ് അനുഷ്ഠിക്കുന്നതിനെ കുറിച്ചാണ്. പ്രത്യേകതയുള്ള രാവുകള്‍ പുലരുന്ന പകലുകളില്‍ നോമ്പ് സുന്നത്താണ് എന്നത് പണ്ടുകാലം മുതലേ സമുദായത്തിനുള്ളില്‍ നടന്നുവരുന്നതാണ്. ശ്രേഷ്ഠമായ തലമുറകളില്‍വരെ ഇതു ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില ഹദീസുകളും വന്നിട്ടുണ്ട്. ശഅബാന്‍ പതിനഞ്ചായാല്‍ അതിന്റെ രാവ് നിങ്ങള്‍ നിന്ന് നമസ്‌കരിക്കുകയും പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക എന്നതാണ് ആ ഹദീസ്. ഇബ്‌നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ ഹദീസ് പ്രാമാണികമല്ലെന്ന് ചിലരും അതല്ലെങ്കില്‍തന്നെയും ശ്രേഷ്ഠതയുടെ ഉള്ളടക്കമായതിനാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് മറ്റു ചിലരും പറയുന്നു.

ഈ മാസത്തില്‍ അധികവും സുന്നത്ത് നോമ്പനുഷ്ഠിക്കാം, എല്ലാ അറബി മാസത്തിലും 13, 14, 15 ദിവസങ്ങള്‍ പൊതുവെ നോമ്പെടുക്കല്‍ സുന്നത്താണ്, ഒന്നിടവിട്ട് നോമ്പെടുക്കുന്ന ദാവൂദ് നബിയുടെ നോമ്പാണ് ഏറ്റവും ശ്രേഷ്ഠം, ബറാഅത്ത് രാവിന്റെ പകല്‍ നോമ്പ് സുന്നത്താണ്. ഇങ്ങനെ നാലു ന്യായങ്ങള്‍ ഒന്നിച്ചു വരുന്നു എന്നതിനാല്‍ ഈ ദിനത്തില്‍ നോമ്പെടുക്കുന്നത് അത്യുത്തമമാണ്. ജീവിത താളങ്ങളെ റമസാന്‍വത്കരിക്കാന്‍ പഠിക്കുകയും പരിശീലിക്കുകയുമാണ് വേണ്ടത്. അതിനുള്ള വേളയാണ് ശഅബാന്‍.

 

webdesk11: