X

ദേശീയ പൗരത്വ രജിസ്റ്റര്‍: അന്തിമ പട്ടിക പുറത്തിറക്കി

ഗുവാഹതി: അസമിലെ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തിറക്കി. മൂന്ന് കോടി 11 ലക്ഷം പേര്‍ അന്തിമ പട്ടികയില്‍ ഇടം പിടിച്ചു. 19 ലക്ഷം പേരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 40.37 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ പുറത്തുവിട്ട കരട് പൗരത്വ പട്ടികയില്‍ നിന്നും പുറത്തായവര്‍. പിന്നീട് 1.02 ലക്ഷം പേരെ കൂടി സര്‍ക്കാര്‍ പട്ടികയില്‍ നിന്നു പുറത്താക്കി. അന്തിമപട്ടിക പുറത്തു വരുന്ന സാഹചര്യത്തില്‍ അസമിലെ വിവിധ ജില്ലകളില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു.

1971 മാര്‍ച്ച് 25 എന്ന കട്ട്ഓഫ് ഡേറ്റിന് ശേഷം അസമിലേക്ക് കുടിയേറിയവരെയാണ് പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും അസം സര്‍ക്കാറിന്റെയും നിലപാട്. എന്നാല്‍ പൗരത്വ പട്ടികയില്‍ നിന്നും നിലവില്‍ പുറത്തായ 41 ലക്ഷം പേരില്‍ മിക്കവരും ഈ കട്ട് ഓഫ് ഡേറ്റിനും പതിറ്റാണ്ടുകള്‍ മുമ്പെ അസമിലെ താമസക്കാരാണ് എന്നാണ് പരാതി ഉയര്‍ന്നത്.

അതേസമയം പട്ടികയില്‍ നിന്നും ഇപ്പോഴും ലക്ഷങ്ങള്‍ പുറത്താണെന്നാണ് സൂചന. ഇത്തരക്കാരെ ഉടനടി നാടു കടത്തില്ലെന്നും അവര്‍ക്ക് ട്രൈബ്യൂണലുകളെ സമീപിച്ച് പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ട്രൈബ്യൂണലുകള്‍ തള്ളുന്ന അപേക്ഷകളില്‍ ഹൈക്കോടതിയിലും സുപ്രിം കോടതിയിലും പുനഃപരിശോധനാ ഹരജി നല്‍കാനാവും. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നിലവില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുമെന്ന് അസം സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇവര്‍ക്കു നേരെ കലാപങ്ങള്‍ നടക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. 1 കോടി 20 ലക്ഷം മുസ്‌ലിം നുഴഞ്ഞു കയറ്റക്കാര്‍ അസമിലുണ്ടെന്ന സംഘ്പരിവാര്‍ പ്രചാരണത്തെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക രൂപീകരിക്കാന്‍ തീരുമാനിച്ചതെങ്കിലും കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഇതില്‍ ഉള്‍പ്പെടാതെ പോയവര്‍. പഞ്ചായത്ത് പ്രസിഡന്റ് വിവാഹവേളയില്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ല എന്ന കാരണം കൊണ്ടു മാത്രം നിരവധി ലക്ഷം സ്ത്രീകള്‍ പട്ടികക്കു പുറത്തായിട്ടുണ്ട്. കട്ട് ഓഫ് ഡേറ്റിനു ശേഷം അസമിലെത്തിയ നിരവധി ബംഗാളി ഹിന്ദുക്കളും പൗരത്വ ഭീഷണി നേരിടുന്നുണ്ട്.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 10 മണിയോടെ ഓണ്‍ലൈന്‍ വഴിയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കുക. 40.37 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പുറത്തുവിട്ട കരട് പട്ടികയില്‍ നിന്ന് പുറത്തായത്. പിന്നീട് 1.02ലക്ഷം പേരെകൂടി സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. നാല് വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ പോകുന്നത്. പട്ടിക പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അസമില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ 41 ലക്ഷത്തിലധികം ആളുകള്‍ പട്ടികക്ക് പുറത്തായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ദേശിയ പൗരത്വ രജിസ്റ്റര്‍ ഉള്‍പ്പെടുത്താവര്‍ക്ക് അപ്പീലുമായി ഫോറിനേഴ്‌സ് െ്രെടബ്യൂണലിനെ സമീപിക്കാമെന്ന് അസം മുഖ്യമന്ത്രി സബര്‍നന്ദ സോനോവാള്‍ പറഞ്ഞു.

അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് ആദ്യ കരട് പ്രസിദ്ധീകരിച്ചെങ്കിലും പട്ടികയില്‍ നിന്ന് നിരവധി പേരാണ് പുറത്തായത്. പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് അസമില്‍ അരങ്ങേറിയത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചു.

chandrika: