ഗുവഹാത്തി: നടി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വീഡിയോ പ്രചരണത്തെ ചൊല്ലി ആസാം നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാക്‌പോര്. 126 അംഗ നിയമസഭയിലാണ് ആസാം ടൂറിസം ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയങ്ക ചോപ്ര അഭിനയിച്ച വീഡിയോയുടെ പ്രതിഫലത്തെ ചൊല്ലി സംവാദമുണ്ടായത്.

പ്രിയങ്കയുടെ പര്‍പ്പിള്‍ പെപ്പിള്‍ പിക്‌ചേഴ്‌സുമായാണ് ടൂറിസം ബോര്‍ഡ് കരാറൊപ്പിട്ടിരുന്നത്. കരാറിനെത്തുടര്‍ന്ന് ആവ്‌സം ആസാം എന്ന തലക്കെട്ടില്‍ പ്രിയങ്ക ഒരു വീഡിയോ പുറത്തിരക്കിയിരുന്നു. എന്നാല്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മാത്രമല്ല പല വിമര്‍ശനങ്ങളും ക്ഷണിച്ച് വരുത്തുകയും ചെയ്തു. ഇതിനെച്ചൊല്ലി പ്രത്യേക നിയമസഭ സമ്മേളനത്തിന്റെ രണ്ടാം ദിവസം പ്രതിപക്ഷ പാര്‍ട്ടികള്‍ ശബ്ദമുയര്‍ത്തി.

നടി പ്രിയങ്ക ചോപ്രയുമായി ഉണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം സഭ ഇളക്കിമറിച്ചത്. മറുപടി പറഞ്ഞ ടൂറിസം മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ രണ്ട് വര്‍ഷത്തെ കരാറാണ് പ്രിയങ്കയുടെ കമ്പിനിയുമായി ഉണ്ടാക്കിയതെന്ന് വെളിപ്പെടുത്തിയെങ്കിലും എത്ര രൂപയാണ് നല്‍കിയതെന്ന് വ്യക്തമാക്കിയില്ല. പ്രതിഫലം വാങ്ങാതെയാണ് പ്രിയങ്ക പ്രചരണം നടത്തുന്നതെന്ന് കഴിഞ്ഞ വര്‍ഷം മന്ത്രി പറഞ്ഞിരുന്നു.

42 ലക്ഷം രൂപ പ്രിയങ്കയുടെയും സംഘത്തിന്റെയും ഗുവഹാത്തി സന്ദര്‍ശനത്തിന് വേണ്ടി ചെലവഴിച്ചുവെന്ന് സഭയെ അറിയിച്ച മന്ത്രി 2.37 കോടി രൂപ കമ്പിനിക്ക് നല്‍കിയതായും വ്യക്തമാക്കി.